തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ സംഘടിപ്പിച്ച ഭൂമിക എന്ന പരിപാടിയിൽ പങ്കെടുത്തവർ.
തുമ്പ: തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് കാമ്പസ് ഹരിത കാമ്പസ് ആയി മാറ്റുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും ഹരിതാഭമായ നാളെയുമെന്ന സന്ദേശമുയർത്തി കോളജ് കെമിസ്ട്രി വകുപ്പിന്റെ നേതൃത്വത്തിൽ തളിരിടാം, തണലാകാം എന്ന പേരിൽ ഭൂമിക എന്ന പരിപാടി സംഘടിപ്പിച്ചു. ആർഡബ്ല്യുഡിഐ കമ്പനിയും തണൽ എന്ന എൻജിഒയു മായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് കാമ്പസിൽ അറുപതു ഫലവൃക്ഷത്തൈകൾ നട്ടു. കോളജ് ബർസാറും കെമിസ്ട്രി വിഭാഗം അധ്യാപകനുമായ ഫാ.ഡോ.എസ്.ജെ.ബിജു ജോയി അധ്യക്ഷനായി. കാനഡയിലെ ആർഡബ്ല്യുഡിഐ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാർക്ക് വാൻഡർഹേയ്ഡൺ ഉദ്ഘാടനം ചെയ്തു. സുധീഷ് കാലാ പദ്ധതി ഫലകം അനാവരണം ചെയ്തു. സി.ജയകുമാർ പദ്ധതി പരിചയം നടത്തി.
കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ദിവ്യ തോമസ്, പ്രോഗ്രാം കോ- ഓർഡിനേറ്ററും കോളജ് ബർസാറുമായ ഡോ. (ഫാ.) ബിജു ജോയ്, അധ്യാപിക എഡ്ന റിച്ചാർഡ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൂടുതൽ ഹരിതാഭമായ ഒരു ഭാവിക്കായി എല്ലാവരുടെയും കൈകോർക്കൽ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Thiruvananthapuram