പ്രതീകാത്മക ചിത്രം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ്-10,001 രൂപ സമ്മാനമായി ലഭിക്കും.
ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയയ്ക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാർഡിൽ നെഹ്റു ട്രോഫി പ്രവചനമത്സരം- 2026 എന്നെഴുതണം. 21ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001. ഫോണ്‍. 0477-2251349.
വള്ളംകളി എക്സ്പ്രസ് യാത്ര തുടങ്ങി
ആലപ്പുഴ: വള്ളംകളിയുടെ ആവേശം കരയിലെത്തിച്ച് വള്ളംകളി എക്സ്പ്രസ് യാത്ര തുടങ്ങി. വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ പ്രചാരണ വാഹനമായ വള്ളംകളി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിച്ചു. വാഹനത്തിൽ വള്ളംകളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, വള്ളംകളി ചരിത്ര ഫോട്ടോ പ്രദർശനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം. ഇന്നലെ ആരംഭിച്ച് 22 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്സ്പ്രസ് പര്യടനം നടത്തും. സന്ദർശകർക്ക് ബസിനുള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യേക കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കും. ഉദ്ഘാടന ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എ.എം. നൗഫൽ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, കെ. നാസർ, പി.കെ. ബൈജു, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൽ സലാം ലബ്ബ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, തുടങ്ങിയവർ പങ്കെടുത്തു.