വിദ്യാർഥികളും നാട്ടുകാരും സ്വകാര്യബസ് തടഞ്ഞിട്ടപ്പോൾ.
മണ്ണാർക്കാട്: സ്വകാര്യബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ യാത്രികർ വലഞ്ഞു. ശ്രീകൃഷ്ണപുരംവഴി പോവുന്ന സ്വകാര്യബസിൽ വിദ്യാർഥിനികളോടു അപമര്യാദയയായി പെരുമാറിയെന്നാരോപിച്ച് ശ്രീകൃഷ്ണപുരം സ്കൂളിനുമുന്പിൽ സ്വകാര്യ ബസ് തടയുകയും ഡ്രൈവറേയും കണ്ടക്ടറേയും കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്.
മർദനത്തെ തുടർന്ന് ബസിലെ ഡ്രൈവർ സനൽ, കണ്ടക്ടർ അനീഷ് എന്നിവർ ശ്രീകൃഷ്ണപുരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ബസിൽ കയറിയ വിദ്യാർഥിനികളോട് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ അപകടകരമായ രീതിയിൽ ബസിന്റെ സ്റ്റെപ്പിൽ യാത്ര ചെയ്ത വിദ്യാർഥികളോട് കയറിനിൽക്കാൻ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും യാതൊരു തരത്തിലുള്ള മര്യാദകേടും കാണിച്ചിട്ടില്ലെന്നും ബസ് ജീവനക്കാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.