തൃശൂരിൽനിന്ന് ഗോവിന്ദാപുരത്തേക്ക് വിരലിലെണ്ണാവുന്ന യാത്രക്കാരുമായി പുറപ്പെടുന്ന സ്വകാര്യ ബസ് -ദീപിക
തൃശൂർ: ഒരുവശത്ത് സൗജന്യയാത്രയുടെ ആശ്വാസത്തിൽ യാത്രക്കാർ. മറുവശത്ത് യാത്രക്കാരെ കാത്ത് കാലിയാകുന്ന സ്വകാര്യ ബസുകൾ. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി ഇന്ന് 100 ദിവസം പിന്നിടുമ്പോൾ, സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതായി ഉടമകൾ. ജില്ലയിൽ മാത്രം 25ഓളം സ്വകാര്യ ബസുകളാണ് സർവീസ് പൂർണമായും നിർത്തിവച്ച് കട്ടപ്പുറത്തുകയറിയത്. പ്രിയദർശിനി ബസുകൾ ഓടുന്ന പ്രധാന റൂട്ടുകളിലെല്ലാം സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷനിൽ 1,500 മുതൽ 3,500 രൂപയുടെ വരെ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.
കളക്ഷൻ കുത്തനേ കുറഞ്ഞതോടെ ജീവനക്കാരുടെ ദിനബത്ത വെട്ടിക്കുറച്ചും ട്രിപ്പുകൾ പകുതിയാക്കിയും പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിക്കുകയാണ് ബസ് ഉടമകൾ.
റൂട്ടുകൾ പൂട്ടുന്നു; യാത്രക്കാരില്ലാതെ ബസുകൾ
അതിരപ്പിള്ളി, വാൽപ്പാറ, ചാലക്കുടി, എറണാകുളം-ഗുരുവായൂർ, തൃശൂർ-പാലക്കാട്, മാള- തൃശൂർ തുടങ്ങിയ പ്രധാന റൂട്ടുകളെയാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. അതിരപ്പിള്ളി റൂട്ടിൽ മാത്രം അഞ്ചോളം ബസുകളും എറണാകുളം-ഗുരുവായൂർ റൂട്ടിൽ നാല് ബസുകളും ഓട്ടം നിർത്തി. മൂന്ന് ട്രിപ്പുകൾ ഓടിയിരുന്ന ബസുകൾ നിലവിൽ രണ്ട് ട്രിപ്പുകളായി ചുരുക്കി.
സ്വകാര്യ ബസുകളിൽ മുൻപുണ്ടായിരുന്ന യാത്രക്കാരിൽ 60 മുതൽ 65 ശതമാനവും സ്ത്രീകളായിരുന്നു. എന്നാൽ പ്രിയദർശിനി ബസുകൾ വരുമ്പോൾ യാത്രക്കാർ അതിലേക്ക് മാറി കയറുന്നതോടെ, സ്വകാര്യ ബസുകളിൽ ഇന്ധനച്ചെലവിനുള്ള പണം പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് ഉടമകൾ പറയുന്നു.
പട്ടിണിയിലായി ജീവനക്കാർ; ബാറ്റ വെട്ടിക്കുറച്ചു
കഴിഞ്ഞ 100 ദിവസമായി പകുതി ശമ്പളത്തിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ദിനംപ്രതി ആയിരക്കണക്കിന് രൂപയുടെ നഷ്ടം വരുന്നതോടെ ജീവനക്കാരുടെ ബാറ്റ വെട്ടിക്കുറയ്ക്കാൻ ഉടമകൾ നിർബന്ധിതരായപ്പോൾ എതിർപ്പ് കാണിക്കാൻ കഴിയാതെ ജീവനക്കാരും അതിനൊപ്പം നിൽക്കേണ്ടിവരികയാണ്.
Tags : NattuVishesham DistrictNews