മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയത്തുനിന്നു ഹൈറേഞ്ച് മേഖലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഹ്രസ്വദൂര യാത്രക്കാരെ അവഗണിക്കുന്നതായി വ്യാപക പരാതി. മുണ്ടക്കയം മുതൽ പെരുവന്താനം വരെയുള്ള യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം.
ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസിൽ കയറി ടിക്കറ്റ് ചോദിക്കുമ്പോൾ ബസ് ഇവിടങ്ങളിൽ നിർത്തില്ലെന്ന മറുപടിയാണ് പലപ്പോഴും കണ്ടക്ടർമാർ നൽകുന്നത്. കട്ടപ്പന, കുമളി തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഈ നടപടി. ബസിൽ തിരക്കില്ലെന്ന് ദീർഘദൂര യാത്രക്കാർക്ക് തോന്നിപ്പിക്കാനായി സമീപ സ്റ്റോപ്പുകളിലേക്ക് പോകേണ്ടവരെ മനഃപൂർവം ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് പെരുവന്താനം ഭാഗത്തേക്കുള്ള യാത്രക്കാരെ ബസിൽ കയറാൻ അനുവദിക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് സീറ്റ് ഉറപ്പാക്കുന്നതിനാണ് ഈ വിവേചനം കാണിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
എന്നാൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ യാതൊരു മടിയും കൂടാതെ എല്ലാ യാത്രക്കാരെയും കയറ്റുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ വിവേചനപരമായ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കാനും മോട്ടോർ വാഹന വകുപ്പിനും പോലീസിനും പരാതി നൽകാനുമാണ് യാത്രക്കാരുടെ തീരുമാനം.
Tags : Private buses nattuvishesham local news