കണ്ണൂർ: ജില്ലയിൽ രാത്രി എട്ടിന് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം. ബസുകൾ ട്രിപ്പ് മുടക്കുന്നതിനാൽ പല ഭാഗങ്ങളിലേക്കും രാത്രി യാത്ര ചെയ്യുന്നതിന് വളരെയധികം പ്രയാസമനുഭവപ്പെടുന്നതായി നാട്ടുകാരുടെ പരാതിയുണ്ടെന്നും നടപടിയെടുക്കണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ആർടിഒയ്ക്ക് നിർദേശം നല്കി.
എംഎൽഎ ഫണ്ടിൽനിന്ന് ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിച്ച പദ്ധതികൾ പല കാരണങ്ങൾ പറഞ്ഞ് നിർത്തിവയ്ക്കാൻ കണ്ണൂർ കോർപറേഷൻ സെക്രട്ടറി നിർദേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഭരണാനുമതി നല്കുന്നത്. കോർപറേഷൻ നിർത്തിവയ്ക്കാൻ നിർദേശിച്ച പ്രവൃത്തികൾ പരിശോധിച്ച് അവയെല്ലാം പെട്ടെന്ന് തുടങ്ങുന്നതിന് നിർദേശം നൽകണം. കണ്ണൂർ ഗവ ഹോമിയോ ആശുപത്രി കെട്ടിടം, കണ്ണൂർ ടൗൺ സ്ക്വയർ പാർക്കിംഗ് ഏരിയയിൽ നിർമിക്കുന്ന പന്തൽ, തോട്ടട ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലൈറ്റ് സ്ഥാപിക്കൽ എന്നിവയ്ക്ക് കോർപറേഷൻ ഇതുവരെ അനുവാദം നൽകാതെ സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ എംഎൽഎ ഫണ്ട് പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കണമെന്ന് എംഎൽഎമാരായ ടി.ഐ. മധുസൂദനൻ, കെ.വി.. സുമേഷ്, കെ.പി. മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.
പാനൂരിൽ അഗ്നിരക്ഷാനിലയത്തിന് പുതുതായി നിർമിച്ച കെട്ടിടം മാർച്ച് ആഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി. മോഹനൻ എംഎൽഎ അറിയിച്ചു.
ആറളം ഫാം പുനരധിവാസ മേഖലയിൽ താമസിക്കുന്ന പട്ടികവർഗക്കാരുടെ പട്ടയ അപേക്ഷകളിൽ ഘട്ടം ഘട്ടമായി ഭൂമി അനുവദിച്ച് നൽകുന്നുണ്ടെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോൾ എട്ട് കുടുംബങ്ങൾക്ക് പട്ടയം നൽകിയിട്ടുണ്ട്. ആറളം ഫാം പുനരധിവാസ മേഖലയിലെ കുടുംബങ്ങൾക്കായി ബ്ലോക്ക് പത്തിലെ അങ്കണവാടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി എല്ലാ ശനിയാഴ്ചകളിലും ലീഗൽ എയ്ഡ് ക്ലിനിക് നടക്കുന്നുണ്ട്.
ആറളം പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ വന്യജീവി സങ്കേതത്തിന് അടുത്തായി നിർമിച്ച എൽപി സ്കൂൾ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ കുടുംബശ്രീ മിഷൻ ട്രൈബൽ കമ്യൂണിറ്റി മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററായി അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീക്ക് കൈമാറും.
മാങ്ങാട്ടുപറമ്പ് കെൽട്രോൺ നഗറിലുള്ള കേന്ദ്രീയ വിദ്യാലത്തിന്റെ പരിസരത്തുകൂടി കടന്നുപോ കുന്ന കെഎസ്ഇബി ഇലക്ട്രിക്കൽ ലൈനുകളും 100 കെവിഎ ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി
ഇരിട്ടി-തളിപ്പറമ്പ് ഹൈവേയിൽ നിന്ന് ആരംഭിച്ച് കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 32 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി, പട്ടികവർഗ ഉന്നതികളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന സജീവ് ജോസഫ് എംഎൽഎ യുടെ നിർദേശ പ്രകാരം അടിയന്തര റിപ്പോർട്ട് ലഭ്യമാക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ഐടിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ഫണ്ട് അനുവദിക്കുകയും വിവിധ പഞ്ചായത്തുകൾ വഴി പുതിയ ടാങ്കുകൾ സ്ഥാപിക്കാനുള്ള നടപടികളും അറ്റകുറ്റപ്പണികളും വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
മലയോര മേഖലയിൽ ബിഎസ്എൻഎൽ മൊബൈൽ കണക്ഷനിൽ റേഞ്ച്, നെറ്റ് വർക്ക് പ്രശ്നത്തെ തുടർന്ന് നിലവിൽ കുറച്ച് മേഖലയിൽ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും മറ്റ് മേഖലയിൽ മാർച്ച് അവസാനത്തോടെ പരിഹരിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ എംഎൽഎ, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സി.പി. സുധീഷ്, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.