നിലന്പൂർ: നിലന്പൂർ അരുവാക്കോടിലെ കുംഭാര ഉന്നതിയിൽ പരന്പരാഗത മണ്‍പാത്ര നിർമാണ തൊഴിലാളികളുമായി സംവദിച്ച് പ്രിയങ്കഗാന്ധി എംപി. ഇന്നലെ ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി അരുവാക്കോട് ഉന്നതിയിലെത്തിയത്. കളിമണ്ണിൽ നിർമിച്ച മൈക്ക് നൽകി ഉന്നതിയിലെ ചിന്നമാളു അമ്മ അവരെ സ്വീകരിച്ചു. മണ്‍പാത്ര നിർമാണത്തിൽ നേരിടുന്ന പ്രതിസന്ധികൾ തൊഴിലാളികൾ പ്രിയങ്കഗാന്ധി എംപിയെ ധരിപ്പിച്ചു.
മണ്‍പാത്ര നിർമാണം കണ്ടറിഞ്ഞ പ്രിയങ്കഗാന്ധിക്ക് മുന്നിൽ ചാമി കോളൂർക്കാവ് മണ്ണ് കൊണ്ടുള്ള കൂജ നിർമിച്ചു കാണിച്ചു. മുൻ പ്രധാനമന്ത്രിയും പ്രിയങ്കാഗാന്ധിയുടെ മുത്തച്ഛനുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ, മണ്ണ് കൊണ്ടുള്ള ചിത്രം മോത്തി ജെറോമും ചെയ്ത് കാണിച്ചു.
മണ്ണുകൊണ്ട് നിർമിച്ച രാജീവ്ഗാന്ധിയുടെ ചിത്രവും അവർ പ്രിയങ്കാ ഗാന്ധിക്ക് സമ്മാനിച്ചു. കുംഭാര ഉന്നതിയിലെ പ്രശ്നങ്ങൾ പ്രിയങ്ക ചോദിച്ചറിഞ്ഞു. മണ്ണ് പാത്രനിർമാണത്തിലെ അവരുടെ കഴിവിനെ അഭിനന്ദിച്ചാണ് പ്രിയങ്ക മടങ്ങിയത്.
പി.വി. അബ്ദുൾ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി തുടങ്ങിയവരും പ്രിയങ്കാഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിസന്ധി നേരിടുന്ന കളിമണ്ണ് പാത്രനിർമാണ തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രിയങ്കാഗാന്ധി പാർലമെന്റിൽ ഉന്നയിക്കുമെന്ന പ്രതീക്ഷയിലാണ് അരുവാക്കോട് കുംഭാര ഉന്നതിയിലെ കുടുംബങ്ങൾ.
Tags : nattu vishesham Priyanka Gandhi visits Aruvakode