പ്രതീകാത്മക ചിത്രം
തൊടുപുഴ: അയല്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. പല ഉത്പന്നങ്ങളുടെയും വില നൂറു കടന്നു. പയറും പാവയ്ക്കയും ഉള്ളിയും വേണമെങ്കില്‍ വലിയ വില കൊടുക്കേണ്ട അവസ്ഥയാണ്. മത്സ്യം, മാംസം എന്നിവയുടെ വിലയോടൊപ്പം പച്ചക്കറി വിലയും ഉയര്‍ന്നത് കുടുംബ ബജറ്റിനെ ബാധിച്ചതായി വീട്ടമ്മമാര്‍ പറഞ്ഞു. പ്രാദേശിക കൃഷിത്തോട്ടങ്ങളില്നിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞതോടെ വില ഇനിയും ഉയരാനാണ് സാധ്യത.
ബീന്‍സിനാണ് കൂടുതല്‍ വില ഉയര്‍ന്നിരിക്കുന്നത്. ഒരു കിലോ ബീന്‍സിന് 130 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസം പല മേഖലകളിലും വില. കുറ്റിപ്പയറിന് 110 രൂപയും വള്ളിപ്പയറിന് 80 രൂപയുമാണ് വില. ഉള്ളി വിലയും കുതിക്കുകയാണ്. 110 രൂപ വരെയാണ് കിലോയ്ക്ക് ഉള്ളി വില. ഇഞ്ചിക്കു കിലോ 160 മുതല്‍ 200 രൂപ വരെ വില നല്‍കണം. വെളുത്തുള്ളിക്ക് 250 രൂപയായി. പച്ചമാങ്ങ കിലോ 120 രൂപ വരെയെത്തി. പാവയ്ക്കായ്ക്ക് കിലോ 85 രൂപയാണ്.
കോവയ്ക്ക- 70, മുരിങ്ങക്ക-60, കാബേജ് -50, തക്കാളി-50, പച്ചമുളക് -70, കാരറ്റ് -55, ചേന-55, കാബേജ് -50, വഴുതന-70, കിഴങ്ങ്- 50, സവാള-65 എന്നിങ്ങനെയാണ് മറ്റ് പ്രധാന പച്ചക്കറി ഉത്പന്നങ്ങളുടെ വില്‍പ്പന വില.
കേരളത്തിലേക്കു പ്രധാനമായും പച്ചക്കറി എത്തുന്ന തമിഴ്നാട്ടിലും കര്‍ണാടകയിലും മഴ കുറഞ്ഞതാണ് പ്രതിസന്ധിക്കു കാരണമായതെന്നു കച്ചവടക്കാര്‍ പറയുന്നു. മഴ കുറഞ്ഞതോടെ കൃഷിയില്‍നിന്നുള്ള ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇതാണ് പച്ചക്കറി വില പെട്ടെന്ന് ഉയരാന്‍ കാരണമായി പറയപ്പെടുന്നത്.
പാവയ്ക്ക, പയര്‍, പടവലം, ചേമ്പ്, ചേന, മത്തങ്ങ തുടങ്ങിയ ഉത്പന്നങ്ങള്‍ ജില്ലയിലെ പ്രാദേശിക കൃഷിത്തോട്ടങ്ങളില്നിന്നു വ്യാപകമായി ഉത്പാദിപ്പിക്കുകയും ഇത് കര്‍ഷക വിപണികള്‍ വഴി വ്യാപാരികളില്‍ എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം കൃഷിയിടങ്ങളില്‍നിന്ന് ഇപ്പോള്‍ ഉത്പന്നങ്ങള്‍ എത്തുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. കാര്‍ഷിക വിപണികളില്‍ എത്തുന്ന പച്ചക്കറി ഉത്പന്നങ്ങളിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
കാലവര്‍ഷക്കെടുതികളും കാലാവസ്ഥാ വ്യതിയാനവും വന്യമൃഗ ശല്യവും ജില്ലയിലെ പച്ചക്കറി ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലും പച്ചക്കറി ഉത്പാദനം കുത്തനെ കുറഞ്ഞു. കൃഷി പ്രോത്സാഹന പദ്ധതികള്‍ കുറഞ്ഞതോടെ ഒട്ടേറെ കര്‍ഷകര്‍ പച്ചക്കറി കൃഷിയില്‍നിന്നു പിന്‍വലിയുന്ന സ്ഥിതിയുണ്ടായി. കൂടാതെ തൊഴിലാളി ക്ഷാമവും കൃഷിച്ചെലവുകള്‍ ഏറിയതും തിരിച്ചടിയായി.
Tags : District News Nattuvishesham Production drops Vegetable prices