പുനലൂര്‍ : പുനലൂര്‍ തൂക്കുപാലം പുനരുദ്ധരിക്കാന്‍ 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പുരാവസ്തുവകുപ്പ് അധികൃതര്‍ അറിയിച്ചു. സാങ്കേതികാനുമതിയും ലഭിച്ചാല്‍ പുനരുദ്ധാരണപ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നടപ്പലകകള്‍ ദ്രവിച്ചും ചിതലരിച്ചും ഗര്‍ഡറുകള്‍ തുരുമ്പിച്ചും അപകടനിലയിലായ നിലയിലാണ് പുനലൂര്‍ തൂക്കുപാലം.
നിലവിലെ മുഴുവന്‍ നടപ്പലകകളും ഇളക്കിനീക്കി പാലം പുനരുദ്ധരിക്കും. പലകകള്‍ക്ക് അടിയിലുള്ള ഉരുക്ക് ഗര്‍ഡറുകളിലെ തുരുമ്പുനീക്കി പൂര്‍ണമായി അറ്റകുറ്റപ്പണി നടത്തും. നിലവിലെ പലകകളില്‍ ഉപയോഗയോഗ്യമായതു മാത്രമേ പുനഃസ്ഥാപിക്കൂ. ദ്രവിച്ചവയ്ക്കു പകരം പുതിയ പലക ഉപയോഗിക്കും.
പാലത്തിന്റെ പുനരുദ്ധാരണത്തിനായി വനത്തില്‍നിന്ന് 2015-ല്‍ ശേഖരിച്ചു സംസ്കരിച്ച കമ്പകമരപ്പലകള് ആവശ്യാനുസരണം സൂക്ഷിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേകരീതിയില്‍ സംസ്കരിച്ച് ജലാംശംനീക്കി എട്ട്, ആറ് ഇഞ്ച് വീതിയില്‍ അറത്തുസൂക്ഷിച്ചിരിക്കുന്ന പലകകളാണിത്.
പലകകളും ഗര്‍ഡറുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന കൊളുത്തുകള്‍ പൂര്‍ണമായും മാറ്റി പുതിയ കൊളുത്തുകള്‍ സ്ഥാപിക്കും. നടപ്പലകകള്‍ ബന്ധിപ്പിച്ചിട്ടുള്ള ഉരുക്ക് ഗര്‍ഡറുകളിലും അറ്റകുറ്റപ്പണി നടത്തും. കിഴക്കേ കവാടത്തിലെ ഗേറ്റ് ഉയര്‍ത്തും. തെളിയാത്ത അലങ്കാരവിളക്കുകള്‍ മാറ്റിസ്ഥാപിക്കും. പ്രവൃത്തിക്കായി നാലുമാസത്തോളം പാലം അടച്ചിടേണ്ടിവരുമെന്ന് പുരാവസ്തുവകുപ്പ് വ്യക്തമാക്കി.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന പാലം 1.35 കോടി മുടക്കി 2015-ലാണ് പുരാവസ്തുവകുപ്പ് സമഗ്രമായി പുനരുദ്ധരിച്ചത്. എന്നാല്‍ പത്തുവര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും പലകകളില്‍ പലതും നശിച്ചു. പിന്നീട് 2018-ലും 2023-ലും പാലം പുനരുദ്ധരിച്ചെങ്കിലും കേടുവന്ന പലകകള്‍ പൂര്‍ണമായി മാറ്റിസ്ഥാപിച്ചിരുന്നില്ല.
Tags : Nattuvishesham Districtnews Deepikanews suspension bridge.