അരുവിക്കര ഡാമിന്റെ സംരക്ഷണവേലി
നെടുമാങ്ങാട്: അരുവിക്കര ഡാമിന്റെ സംരക്ഷണത്തിനായി കോടികൾ മുടക്കി സ്ഥാപിച്ച സംരക്ഷണവേലി പല ഭാഗത്തും കാടുമൂടി നശിച്ചനിലയിൽ. സുരക്ഷാ വേലികൾ പല ഭാഗത്തും അറുത്തുമാറ്റി സാമൂഹ്യവിരുദ്ധർ റിസർവോയറിനുള്ളിൽ പ്രവേശിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. എന്നാൽ, ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വേലികൾ തകർത്ത് അകത്തുകടക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഡാമിൽ വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. കുടിവെള്ള സ്രോതസുകളിൽ മാലിന്യം തള്ളുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സംരക്ഷണ വേലി സ്ഥാപിച്ചത്. ഡാം പരിസരത്ത് ആവശ്യത്തിനു സുരക്ഷാ കാമറകളും തെരുവിളക്കുകളും ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
നിരന്തരം പരാതി നൽകിയിട്ടും വാട്ടർ അഥോറിറ്റിയും പൊലിസും അറിഞ്ഞഭാവം നടിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഡാമിലെ വെള്ളം ശുദ്ധീകരിച്ചാണ് നൽകുന്നതെങ്കിലും തുടർച്ചയായി മാലിന്യങ്ങൾ തള്ളുന്നതു ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കുടിവെള്ള വിതരണ തടസത്തിനും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.
Tags : Nattuvishesham DistrictNews DeepikaNews Protective fence