പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്യൂണൈസേഷന് ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ എട്ടിന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കും. ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നതിനു ദേശവ്യാപകമായി നടത്തുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും 28നുതന്നെ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് രക്ഷാകര്ത്താക്കള് ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു.
ജില്ലയില്‍ അഞ്ചു വയസിനു താഴെയുളള 47,739 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 967 ബൂത്തുകള്‍ സജ്ജീകരിക്കും.
തുള്ളിമരുന്ന് നല്കാന് 3156 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, നഗരാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്കൂളുകള്‍, സന്നദ്ധസംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും.
സാധാരണ ബൂത്തുകള്‍ക്കു പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിന് 17 ട്രാന്‍സിറ്റ് ബൂത്തുകള്‍, രണ്ട് മൊബൈല്‍ ബൂത്തുകള്‍ എന്നിവയുമുണ്ടാകും. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്നു നല്‍കുന്നതിന് മൊബൈല്‍ ബൂത്തുകളും സജ്ജീകരിക്കും.
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് 29, 30 തീയതികളില്‍ വീടുകളിലെത്തി വാക്സിന് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് വോളണ്ടിയര്‍മാര്‍.
Tags : Local News Nattuvishesham Pathanamthitta