പുനലൂര് കെഎസ്ആര്ടിസി ഡിപ്പോ.
പുനലൂര്: അസൗകര്യങ്ങളാല് വീര്പ്പുമുട്ടുകയാണ് പുനലൂര് കെഎസ്ആര്ടിസി ഡിപ്പോ. വികസന പ്രവര്ത്തനങ്ങളില്ലാതെ ഡിപ്പോ ശോച്യാവസ്ഥയിലാണ്. വികസനം ഉടന് യാഥാര്ഥ്യമാക്കുമെന്ന പ്രഖ്യാപനവും പാളുന്നു. ദേശീയപാതയും മലയോര ഹൈവേയും സംഗമിക്കുന്ന പുനലൂരിലെ കെഎസ്ആര്ടിസി ഡിപ്പോയിലെ ഗതാഗത പരിഷ്കരണവും സുരക്ഷ ഉറപ്പാക്കലും എങ്ങുമെത്തിയില്ല. വിഴിഞ്ഞം-കൊല്ലം- പുനലൂര് വികസന ട്രയാംഗുലര് സര്ക്യൂട്ട് പദ്ധതി യാഥാര്ഥ്യമാകുന്നതോടെ പുനലൂര് തന്ത്രപ്രധാനമായ മേഖലയായി മാറും.
ഈ വസ്തുതകള് കൂടി കണക്കിലെടുത്ത് ട്രാന്സ്പോര്ട്ട് ഡിപ്പോയിലെ ഗതാഗത പ്രശ്നങ്ങള് പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ള താത്കാലിക ട്രാഫിക് ഐലന്ഡ് ശാസ്ത്രീയമായി പരിഷ്കരിച്ച് റൗണ്ട് എബൗട്ട് മാതൃകയിലാക്കണമെന്ന് എന്ഫോഴ്സ്മെന്റ് വിഭാഗം ആര്ടിഒയുടെ നേതൃത്വത്തിലുള്ള സംഘം ശിപാര്ശ ചെയ്തിട്ടുണ്ട്. എന്നാല് ഫലപ്രദമായി യാതൊന്നും നടന്നിട്ടില്ല.
അപകടം പതിവാകാറുള്ള ഇവിടെ ട്രാഫിക് ഐലന്ഡ് നിര്മിച്ച് ഗതാഗതം സുഗമമാക്കുമെന്ന പ്രഖ്യാപനത്തിലും നടപടിയുണ്ടായില്ല. കെഎസ്ആര്ടിസി ഡിപ്പോ കവാടത്തില് തുടര്ച്ചയായുണ്ടായ അപകടങ്ങളില് നിരവധി ജീവനുകള് പൊലിയുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില് ഗതാഗത നിയന്ത്രണ സമിതിയോഗം ചേര്ന്ന് തീരുമാനങ്ങള് കൈക്കൊണ്ടെങ്കിലും അതും കാര്യക്ഷമമായി നടപ്പാകുന്നില്ല.
മോട്ടര് വാഹനവകുപ്പിന്റെ നേതൃത്വത്തില് ഇവിടെ സ്ഥലപരിശോധന നടത്തി റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു. കാല്നടയാത്രക്കാരുടെ സുരക്ഷയ്ക്കായി ഇവിടെ ആകാശ നടപ്പാത നിര്മിക്കാന് 2019ല് നഗരസഭ ബജറ്റില് പദ്ധതി പ്രഖ്യാപിച്ചിരുന്നു.
നഗരത്തില് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്ന കെഎസ്ആര്ടിസി മൈതാനത്ത് കാല്നട യാത്രക്കാര്ക്ക് സുരക്ഷയൊരുക്കാന് നടപടികളെടുക്കണമെന്ന് ശിപാര്ശ ഉണ്ടെങ്കിലും ഫലം കാണുന്നില്ല. 2021 സെപ്റ്റംബറില് മുന് എംഎല്എ പി.എസ്. സുപാലിന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തില് ഇവിടെ ശാസ്ത്രീയമായി ട്രാഫിക് ഐലന്ഡ് നിര്മിക്കാന് തീരുമാനിച്ചിരുന്നു. അതിനായി ഇവിടെയുണ്ടായിരുന്ന വൈദ്യുതത്തൂണുകള് കെഎസ്ആര്ടിസി ഡിപ്പോയ്ക്കു സമീപത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.
എന്നാല് അതോടെ നടപടികള് അവസാനിച്ചു. 2022 ജൂലൈയില് കളക്ടര് നിയോഗിച്ച പ്രത്യേക സമിതി സ്ഥലത്ത് ഗതാഗതപ്രശ്നങ്ങള് സംബന്ധിച്ച് പഠനം നടത്താന് തീരുമാനിച്ചു.
അതിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ, ഗവഷണ കേന്ദ്രം (നാറ്റ്പാക്) അധികൃതര് ഉള്പ്പെടെ സ്ഥലം പരിശോധിക്കുകയും ചെയ്തു. എന്നാല് നടപടിയുണ്ടായില്ല. അസൗകര്യങ്ങളുടെ നടുവില് വീര്പ്പുമുട്ടുകയാണ് ഡിപ്പോ. എന്നാല് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം കാര്യങ്ങള് അവതാളത്തിലായിട്ടുണ്ട്. ഡിപ്പോയുടെ നവീകരണം ആരംഭിക്കാനുളള നീക്കത്തിലാണ് അധികാരികള്. ഇക്കാര്യത്തില് നടപടി സ്വീകരിക്കുമെന്ന് സി. അജയപ്രസാദ് എംഎല്എ പറഞ്ഞു.