പ്രതീകാത്മക ചിത്രം
കൊല്ലം: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാലവര്‍ഷം ദുര്‍ബലമായതോടെ പുനലൂരില്‍ ഇന്നലെയും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടു. ഇന്നലെ 35.2 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം 36.2 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പം കൂടി നില്‍ക്കുകയാണ്.
കൊല്ലം ജില്ലയോടു ചേര്‍ന്ന തിരുവനന്തപുരത്ത് 33.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ പാളയംകോട്ടയില്‍ 39.4 ഉം തിരുച്ചിറപ്പള്ളിയിലും വെല്ലൂരിലും 40 ഡിഗ്രിയുമായി ചൂട് ഉയര്‍ന്നിട്ടുണ്ട്. സമീപ ജില്ലയായ തിരുനെല്‍വേലിയില്‍ 37 ഡിഗ്രി ചൂടുവരെ ഉച്ച സമയത്തുണ്ടായി. തമിഴ്നാട്ടില്‍ ചൂട് കൂടിയതോടെ ഉണ്ടായ ചൂട് വായു പ്രവാഹം പൂനലൂരിനെ സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിനു കാരണമായി.
കാലവര്‍ഷം ദുര്‍ബലമായതോടെ ആകാശം തെളിയുകയും സൂര്യരശ്മികള്‍ നേരിട്ട് പതിക്കുകയും ചെയ്യുകയാണ്. അതേസമയം അടുത്തയാഴ്ചയോടെ കന്നിമാസം എത്തുകയാണ്. കന്നിയില്‍ കടല്‍ വറ്റെ വെറിക്കുമെന്നാണ് പഴമൊഴി. മഴ പെയ്തില്ലെങ്കില്‍ ചൂടു കൂടാനാണ് സാധ്യത. മഴ മേഘങ്ങള്‍ എത്തിയാല്‍ ഭൂമിയിലേക്ക് വെയില് നേരിട്ടു പതിക്കുന്നത് ഒഴിവാകുകയും ചൂട് കുറയുകയും ചെയ്യും.
വരും ദിവസങ്ങളിലും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
സെപ്റ്റംബറില്‍ കേരളത്തില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ഇതാദ്യമല്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എല്‍നിനോ വര്‍ഷമായ ഇത്തവണ സെപ്റ്റംബറില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.2 ഡിഗ്രിയാണ് (പുനലൂര്‍). എന്നാല്‍ ന്യൂട്രല്‍ വര്‍ഷമായ 2024 ല്‍ വെള്ളാനിക്കരയിലും പ്രളയ വര്‍ഷമായ (ന്യൂട്രല്‍) 2018 ല്‍ പുനലൂരിലും 36.2 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. കൂടാതെ, എല്‍നിനോ വര്‍ഷമായ 2015
ല്‍ ആലപ്പുഴയില്‍ 36.7 ഡിഗ്രി വരെയും മറ്റൊരു എല്‍നിനോ വര്‍ഷമായ 2023 ആഗസ്റ്റില്‍ 36.5 ഡിഗ്രിയും താപനില രേഖപ്പെടുത്തി. എല്‍നിനോ പ്രതിഭാസം മാത്രമല്ല താപനില ഉയരാന്‍ കാരണം.
കാലവര്‍ഷം ദുര്‍ബലമാകുമ്പോള്‍ തെളിഞ്ഞ ആകാശവും സൂര്യന്റെ നിലവിലെ സ്ഥാനമനുസരിച്ച് സൂര്യരശ്മികള്‍ നേരിട്ട് പതിക്കുന്നതും താപനില വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
രാവിലെ 11 മുതല്‍ വൈകുന്നേരം മുന്നുവരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണം തടയാന്‍ ചെറിയ കുപ്പിയില്‍ വെള്ളം കരുതുക.
മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, ഒആര്‍എസ് ലായനി, സംഭാരം എന്നിവ ശീലമാക്കുക. കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ പകല്‍ നേരിട്ട് വെയില് ഏല്‍ക്കരുത്.
Tags : Nattuvishesham DistrictNews DeepikaNews highest temperature