പുഞ്ചകൃഷി മുന്നൊരുക്കങ്ങളുടെ ഭാഗമായി വീയപുരം കൃഷിഭവൻ പരിധിയിലെ മേൽപ്പാടം കട്ടക്കുഴി പാടശേഖരത്തിൽ അടിഞ്ഞുകൂടിയ പായൽ നീക്കം ചെയ്ത് കൃഷിയോഗ്യമാക്കുന്നു.
ഹരിപ്പാട്: അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഇത്തവണ നേരത്തേതന്നെ പുഞ്ചകൃഷിയിറക്കാൻ കർഷകരും പാടശേഖര സമിതികളും ഒരുക്കം തുടങ്ങി. വീയപുരം കൃഷിഭവൻ പരിധിയിലുള്ള പാടശേഖരങ്ങളിൽ നവംബർ ആദ്യവാരത്തോടെ വിതയിറക്കാനാണ് തീരുമാനം. എന്നാൽ, കഴിഞ്ഞ സീസണിലെ വിത്തുപണം ഇതുവരെ കർഷകരുടെ കൈകളിൽ എത്തിയിട്ടില്ലാത്തതിനാൽ ഇത്തവണ തുകയ്ക്ക് കാത്തുനിൽക്കാതെ കൃഷിഭവൻ വഴി സർക്കാർ നേരിട്ട് വിത്ത് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കളശല്യം തടയാൻ മുന്നൊരുക്കം
സെപ്റ്റംബർ അവസാനത്തോടെ കൃഷിയുടെ പ്രാഥമിക മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് പാടശേഖര സമിതികൾ ലക്ഷ്യമിടുന്നത്. അപ്പർ കുട്ടനാടൻ പാടങ്ങളിൽ വലിയ ഭീഷണിയാകുന്ന വരിയുടെയും കവടയുടെയും ശല്യം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി നിലമൊരുക്കി കളകൾ കിളിർപ്പിച്ച ശേഷം കളനാശിനി തളിച്ച് പാടശേഖരങ്ങൾ ഒരു മാസത്തോളം വെള്ളത്തിൽ മുക്കിയിടും. തുടർന്ന് ഒക്ടോബർ അവസാനത്തോടെ വെള്ളം വറ്റിച്ച് നവംബർ ആദ്യവാരത്തോടെ വിത ആരംഭിക്കും. ഇതിന്റെ ഭാഗമായി പാടങ്ങളിൽ അടിഞ്ഞുകൂടിയ പായലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പണികൾ തുടങ്ങി.
വിത്തുപണം വൈകുന്നു
കഴിഞ്ഞ 2025-26 കൃഷി സീസണിൽ വീയപുരം കൃഷിഭവൻ പരിധിയിൽ സർക്കാർ നേരിട്ട് വിത്ത് വിതരണം ചെയ്തിരുന്നില്ല. കർഷകർ സ്വന്തം നിലയിൽ വിത്ത് വാങ്ങണമെന്നും തുക ബാങ്ക് അക്കൗണ്ടുകളിൽ പിന്നീട് നൽകുമെന്നുമായിരുന്നു കൃഷിവകുപ്പ് അറിയിച്ചിരുന്നത്. സാധാരണ നിലയിൽ വിത കഴിഞ്ഞ് രണ്ടു മാസത്തിനകം ഈ തുക ലഭിക്കാറുള്ളതാണ്.
എന്നാൽ, പുതിയ സീസൺ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, മാസങ്ങൾ കഴിഞ്ഞിട്ടും കഴിഞ്ഞ തവണത്തെ വിത്തുപണം ലഭിച്ചിട്ടില്ല. ഏക്കറിന് 40 കിലോഗ്രാം വിത്തോ അതിന് തുല്യമായ തുകയോ ആണ് സർക്കാർ ആനുകൂല്യമായി ലഭിക്കേണ്ടത്. മുൻവർഷത്തെ തുകപോലും കിട്ടാത്ത സാഹചര്യത്തിൽ വീണ്ടും കൈയിൽനിന്ന് പണം മുടക്കേണ്ടിവരുന്നത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
ഉത്പാദനച്ചെലവ് കുതിച്ചുയരുന്നു
തൊഴിൽക്കൂലി, ട്രാക്ടർ വാടക, വളം എന്നിവയ്ക്കെല്ലാം മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലാണ് ചെലവ് വർധിച്ചിരിക്കുന്നത്. വലിയ തുക മുതൽമുടക്കി കൃഷി ചെയ്യുന്നവരും പാട്ടക്കർഷകരുമാണ് ഈ സാമ്പത്തിക ബാധ്യതയിൽ നട്ടംതിരിയുന്നത്.
ിളവിറക്കൽ സമയം മുന്നിലെത്തി നിൽക്കെ, സബ്സിഡി ആനുകൂല്യങ്ങൾ കലനുസൃതമായി വർധിപ്പിക്കാനും വിത്ത് അടിയന്തരമായി നേരിട്ട് ലഭ്യമാക്കാനും കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : NattuVishesham DistrictNews