കാടു കയറി കിടക്കുന്ന കെഐപി കനാല്‍.
കൊട്ടിയം: ജലവിതരണ പദ്ധതിക്കായി നിര്‍മിച്ച കെഐപി കനാല്‍ കാട് കയറി ജനജീവിതത്തിന് ഭീഷണിയായി മാറി. കനാല്‍ ശുചീകരിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. കാടുമൂടിക്കിടക്കുന്ന കനാലില്‍ ഇഴജന്തുക്കള്‍ താവളമാക്കിയിരിക്കുകയാണ്. ഇതിനു പുറമെ കുറ്റിക്കാടുകളില്‍ കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയതോടെ ജനജീവിതവും ബുദ്ധിമുട്ടിലായി.
ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലൂടെ പോകുന്ന കെഐപി ഡിസ്ട്രിബ്യൂട്ടേഴ്സ് കനാലാണ് മൂന്നുവര്‍ഷമായി ശുചീകരിക്കാതെ കാടുപിടിച്ചത്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ 2,9,11 വാര്ഡുകളിലൂടെകടന്നു പോകുന്ന കനാലും ശുചീകരിച്ചിട്ടില്ല. കനാലിന്റെ ഇരുകരകളിലും വലിയ വൃക്ഷങ്ങളും വളര്‍ന്നു. ഇരുവശത്തും താമസിക്കുന്ന വീട്ടുകാര്‍ക്ക് കാനലിന്റെ വശത്തുകൂടി നടക്കാന്‍ ഭയമാണ്. ചെറിയ ഒരു വനത്തിന്റെ പ്രതീതിയാണ് എവിടെയും.
ഇഴ ജന്തുക്കളെ ഭയന്നാണ് പലരും വീടിന് പുറത്തേക്ക് ഇറങ്ങാന്‍ തയാറാകാത്തത്. കുട്ടികളെ സ്കൂളില്‍ വിടുന്നതും ഭയപ്പാടോടെയാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കനാല്‍ ശുചീകരിക്കാനുള്ള നടപടികള്‍ കെഐപി അധികൃതരുടെ ഭാഗത്ത് നിന്നു ണ്ടാകുന്നില്ല. കഴിഞ്ഞ വര്‍ഷം ശാസ്താംപൊയ്ക കനാല്‍ അറ്റ കുറ്റപ്പണി നടത്തിയതുമില്ല.
ഓയൂര്‍ ബ്രാഞ്ചിന്റെ ഓടനാവട്ടം ഭാഗത്ത് കനാലിന്റെ ഒരു ഭാഗം ഒലിച്ചു പോവുകയും ചെയ്തു. ഇക്കാരണത്താല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് വെള്ളം കനാല്‍ വഴി തുറന്നു വിട്ടതുമില്ല. വെള്ളം ലഭിക്കാതെ കൃഷിക്കാരും നാട്ടുകാരും വല്ലാതെ ബുദ്ധിമുട്ടി. യുദ്ധകാല അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ അടുത്ത വേനലിലും ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.
ഓടകളുടെ മേല്മൂടി അടയ്ക്കണം
കെഐപി കനാലിന്റെ ശാസ്താംപൊയ്ക വഴിയുള്ള കനാലില്‍ കൈതക്കുഴി സ്വകാര്യ സ്കൂളിന് സമീപമുള്ള ഓടകളുടെ മേല്മൂടി അടയ്ക്കണമെന്ന ആവശ്യം ശക്തം. ഇതുവഴിയാണ് വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്നത്. മേല്‍മുടി ഇല്ലാതെ കിടക്കുന്ന ഈ ഡ്രെയ്നേജില്‍ മനുഷ്യരോ നാല്‍ക്കാലികളോ വീണാല്‍ അപകടം ഉറപ്പ്. എത്രയുംവേഗം ഈ ഡ്രെയ്നേജ് മൂടുകയോ മേല്മൂടി ഇടുകയോ ചെയ്യണമെന്ന് വെളിച്ചിക്കാല പഞ്ചായത്തംഗം ഷാജി ലൂക്കോസ് ആവശ്യപ്പെട്ടു.
തെന്മലയിലെ ജലസംഭരണിയില്നിന്നാരംഭിക്കുന്ന ഇറിഗേഷന്‍ കനാല്‍ വനഭാഗങ്ങളിലൂടെയാണ് ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നത്. കനാലില്ത്തന്നെ മരങ്ങളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്ന് കാടായി കഴിഞ്ഞിട്ടുണ്ട്. കാടായി മാറിയ കനാലിലൂടെ വന്യമൃങ്ങള്‍ നാട്ടിലേക്ക് എത്തുന്നതും പതിവായി.
ആദ്യ കാലങ്ങളില്‍ മലമ്പാമ്പുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. ഇപ്പോഴും അവ എത്തുന്നുണ്ട്. അടുത്ത കാലത്ത് കാരംകോട് ആശീര്‍വാദ് ക്ലബിന് സമീപത്തും മലമ്പാമ്പിനെ പിടികൂടിയിരുന്നു. കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നതും കൃഷി നശിപ്പിക്കുന്നതും സ്ഥിരം സംഭവമാണ്.
അടുത്ത കാലത്താണ് കാരംകോട് വിമല സെന്‍ട്രല്‍ സ്കൂളിന് സമീപം പുള്ളിമാനിനെ പുലര്‍ച്ചേ കണ്ടത്. ഇതിനെ പിന്നീടുള്ള ദിവസങ്ങളില്‍ പല ഭാഗത്തും കണ്ടു. കഴിഞ്ഞാഴ്ച കളിയാക്കുളം പ്രദേശത്ത് രാത്രി മുള്ളന്‍പന്നിയെ കണ്ടിരുന്നു. ഒരു വര്‍ഷം മുമ്പാണ് വിളപ്പുറംഭാഗത്ത് കരടിയെ കണ്ടത്. ഈ കരടിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ശുചീകരണം നടത്താതെ കാടുനിറഞ്ഞ, വെള്ളമൊഴുകാത്ത കനാല്‍ വന്യജീവികള്‍ക്ക് ജനവാസ മേഖലകളിലെത്താനുള്ള അവസരമൊരുക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews KIP Canal