പ്രതീകാത്മക ചിത്രം
പാമ്പാടി: ജലദൗർലഭ്യത മൂലം ഉപയോഗിക്കാൻ കഴിയാതിരുന്ന ഉമ്മൻ ചാണ്ടി സ്മാരക മൾട്ടി സ്പെഷ്യാലിറ്റി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകൾക്ക് ഒടുവിൽ ശാപമോക്ഷം. റെഡ് ക്രോസ് സൊസൈറ്റിയുടെ കുഴൽക്കിണറിൽനിന്ന് വെള്ളമെത്തിക്കാനാകുന്നതോടെയാണ് ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കാനാകുന്നത്.
ഇതിനുവേണ്ടി ബ്ലോക്ക് പഞ്ചായത്ത് ഒൻപത് ലക്ഷം രൂപ അനുവദിച്ചു. ദേശീയപാത അധികൃതരുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതികൂടി ലഭിക്കുന്നതോടെ പൈപ്പ് സ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
വർഷങ്ങൾക്കുമുന്പ് ഭൂഗർഭ ജലവകുപ്പ് റെഡ്ക്രോസ് സൊസൈറ്റിയുടെ ഗേറ്റിനോടു ചേർന്നു നിർമിച്ച കുഴൽക്കിണർ പ്രവർത്തനരഹിതമായിരുന്നു. കഴിഞ്ഞദിവസം ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കിണറിൽനിന്ന് പ്രതിദിനം 6000 ലിറ്റർ വെള്ളം ലഭിക്കുമെന്നു കണ്ടെത്തി.
ഇതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടിയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഭാരവാഹികളും നടത്തിയ ചർച്ചയിലാണു തുടർനടപടികൾക്ക് തീരുമാനമായത്.
ഒരു യൂണിറ്റിന് പ്രതിദിനം വേണ്ടത് 1000 ലിറ്റർ വെള്ളം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആശുപത്രിയിൽ രണ്ട് വർഷം മുന്പ് എത്തിച്ച ആറ് ഡയാലിസിസ് യൂണിറ്റുകളും നിലവിൽ അത്യാഹിത വിഭാഗത്തിൽ സൂക്ഷിച്ചിരി ക്കുകയാണ്. ഒരു യൂണിറ്റ് പ്രവർത്തിപ്പിക്കാൻ പ്രതിദിനം 1000 ലിറ്റർ വെള്ളം ആവശ്യമാ ണ്. ആറ് യൂണിറ്റുകൾ പ്രവർത്തിക്കണമെങ്കിൽ ദിവസവും 6000 ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്.
Tags : deliverance for the dialysis unit dialysis unit NattuVishesham DistrictNews