സംഘം സ്ഥലം സന്ദർശിക്കുന്നു.
രാമപുരം: ഗ്രാമീണ സൗന്ദര്യവും പ്രകൃതിരമണീയതയും ഒത്തുചേരുന്ന നാറാണത്ത് കരിഞ്ചാപ്പാടിയിലെ കാറ്റാടിപ്പാടത്തെ പ്രധാന ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതകൾ തേടി കുറുവ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ.
വിശാലമായ വയൽപ്രദേശങ്ങളും പച്ചപ്പുനിറഞ്ഞ പ്രകൃതിഭംഗിയും ശാന്തമായ ഗ്രാമീണ അന്തരീക്ഷവുമാണ് കാറ്റാടിപ്പാടത്തിന്റെ പ്രത്യേകത. വൈകുന്നേരങ്ങൾ ചെലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തിക്കൊണ്ടുതന്നെ സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനുമുള്ള പദ്ധതികളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്.
മക്കരപ്പറമ്പ്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നതും ദേശീയപാതയോട് ചേർന്നുകിടക്കുന്നതുമായ പ്രദേശമാണിത്.
പ്രകൃതിഭംഗിക്ക് കോട്ടം തട്ടാത്ത വിധത്തിൽ സൗന്ദര്യവത്കരണം നടപ്പിലാക്കാനായാൽ കാറ്റാടിപ്പാടം ജില്ലയിലെ തന്നെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി മാറുമെന്നാണ് ഭരണസമിതിയുടെ പ്രതീക്ഷ.
ഈയൊരു പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. സലാം , വൈസ് പ്രസിഡന്റ് എം. സുലൈഖ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
Tags : Tourism Development NattuVishesham DistrictNews