പ്രതീകാത്മക ചിത്രം
പുതുക്കാട്: വേണ്ടത്ര മുന്‍കരുതലോ ആസൂത്രണമോ ഇല്ലാതെ ദേശീയപാത അതോറിറ്റി പുതുക്കാട് മേല്‍പ്പാലത്തിന്റെ പണി ആരംഭിച്ചതോടെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി ഗ്രാമപഞ്ചായത്ത് ഭരണസമിതി.
മുന്‍കൂട്ടിയുള്ള അറിയിപ്പില്ലാതെ സര്‍വീസ്റോഡ് അടച്ചത് യാത്രക്കാരെ വലയ്ക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആരുമായും ദേശീയപാത അധികൃതര്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മേല്‍പ്പാലത്തിന് ഇരുവശത്തുമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്, ഫയര്സ്റ്റേഷന്, ആശുപത്രി, റെയില്‍വേ സ്റ്റേഷന് എന്നിവയുണ്ട്. പണി പൂര്‍ത്തിയാകുമ്പോള്‍ ഈ സ്ഥാപനങ്ങളിലേക്കുള്ള വഴികള്‍ അടയുമെന്ന ആശങ്കയും ശക്തമാണ്.
പദ്ധതിയുടെ അന്തിമ രൂപരേഖ പരസ്യപ്പെടുത്താതെ നിര്‍മാണപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് ഗുണകരമാകില്ലെന്നും കൃത്യമായ ഡിസൈന്‍ ലഭ്യമാക്കിയാല്‍ മാത്രമേ ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്നും ഭരണസമിതി വ്യക്തമാക്കി. പരാതികള്‍ നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനായി ദേശീയപാത അതോറിറ്റി അധികൃതരുമായി യോഗംചേരാന്‍ തീരുമാനിച്ചു.
വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചനയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, വൈസ് പ്രസിഡന്റ് കെ.ജെ. ജോജു എന്നിവര്‍ അറിയിച്ചു.
Tags : Nattuvishesham Local News Puthukkad road closed