മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതിനെത്തുടർന്ന് മാലിന്യരഹിതമായ പ്രദേശം.
എരുമേലി: റോഡരികിൽ സ്ഥിരമായി മാലിന്യം തള്ളുന്നത് അവസാനിപ്പിച്ചപ്പോൾ തെരുവുനായകളുടെ ശല്യവും ഒഴിഞ്ഞു. പതിവായി മാലിന്യങ്ങളിൽനിന്ന് ഭക്ഷണമാക്കിയിരുന്ന നായകളാണ് മറ്റു മാലിന്യകേന്ദ്രത്തിലേക്ക് സ്ഥലം വിട്ടത്. എരുമേലി സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ റോഡരികിലാണ് മാലിന്യങ്ങൾ പതിവായി കുമിഞ്ഞിരുന്നത്.
കഴിഞ്ഞ മണ്ഡലകാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടുന്നതിന് ഇവിടെ പഞ്ചായത്ത് അധികൃതർ ബിൻ സ്ഥാപിച്ചിരുന്നു. പാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ജൈവമാലിന്യങ്ങളും ബിന്നിലും പരിസരങ്ങളിലും ആളുകൾ തള്ളിയതോടെയാണ് പ്രദേശം തെരുവുനായ്ക്കൾ കൈയടക്കിയത്. ഇത് തടയാൻ മുന്നറിയിപ്പ് ബോർഡും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടും പ്രയോജനമുണ്ടായില്ല.
മാലിന്യങ്ങൾ നീക്കി മടുത്ത പഞ്ചായത്ത് ഒടുവിൽ കഴിഞ്ഞയിടെ ബിന്നുകൾ എടുത്തുമാറ്റിയ ശേഷം വലിയ ബോർഡിൽ മുന്നറിയിപ്പ് സ്ഥാപിച്ചു. ഇതോടെ ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് ഇല്ലാതായി. ഇതോടെ തെരുവുനായകളുടെ ശല്യവും കുറഞ്ഞെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതി പഞ്ചായത്തുതലത്തിൽ വേണം. ശേഖരണം, സംസ്കരണം, ബോധവത്കരണം എന്നിവയെല്ലാം ചേർത്ത് ഒറ്റ പദ്ധതിയിലൂടെ പഞ്ചായത്തിലെ മാലിന്യ സംസ്കരണം നടപ്പാക്കണം. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന സാമൂഹ്യ ഓഡിറ്റിംഗ് ഉണ്ടെങ്കിൽ പോരായ്മകൾ തത്സമയം തന്നെ പരിഹരിക്കപ്പെടും.
ബിനോ ജോൺ ചാലക്കുഴി (കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി)
പൊതുസ്ഥലത്ത് മാലിന്യങ്ങൾ ശേഖരിക്കാൻ പഞ്ചായത്ത് വയ്ക്കുന്ന ഉപാധികളിൽ എല്ലാ മാലിന്യങ്ങളും തള്ളുന്ന ശീലം മാറിയാൽ തന്നെ തെരുവുനായ്ക്കൾ ഒഴിയും. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റി തദ്ദേശ സ്ഥാപനങ്ങൾ വരുമാനം കണ്ടെത്തിയാൽ മാലിന്യസംസ്കാരണം സുഗമമാകും.
എം.എം. ബാബു (സിപിഐ എരുമേലി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി)
മാലിന്യ പരിപാലന നിയമം വിദേശത്ത് കൃത്യമായി നടപ്പിലാകുമ്പോൾ നമ്മുടെ നാട്ടിൽ മാത്രം കടലാസിൽ ഒതുങ്ങി. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ മാലിന്യം എവിടെയും ഇടാമെന്ന സ്ഥിതിയുണ്ടാകും. തോടുകളിൽ മാലിന്യവാഹിനികളായി. വൈകാതെ നമ്മുടെ തോടുകൾ അഴുക്കുചാലുകളായി മാറും.
എബി മാത്യു, മണപ്പറമ്പിൽ എരുമേലി