പ്രതീകാത്മക ചിത്രം
കൊട്ടിയം: അനധികൃത പാചകവാതക റീഫില്ലിംഗ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു. കണ്ണനല്ലൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ മോതീന്‍ മുക്ക് സിഎസ്ഐ ഇവാഞ്ചലിക് പള്ളിക്ക് സമീപമുള്ള ഒരു വാടക വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടികൂടിയത്.
ഇവിടെ നിന്ന് കണ്ണനല്ലൂര്‍ പൊലിസിന്റെ സഹായത്തോടെ കൊല്ലം സിറ്റി ഡാന്‍സാഫ് ടീം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 10 സിലിണ്ടറുകളും, ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 12 ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.
തങ്കച്ചന് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് ജോയി എന്നയാള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. പിടിച്ചെടുത്ത വാണിജ്യ സിലിണ്ടറുകളില്‍ അനധികൃതമായി ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളില്‍ നിന്നും നിയമവിരുദ്ധമായി ഗ്യാസ് നിറയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം ഇവിടെ പരിശോധന നടത്തി പിടിച്ചെടുത്തത്.
വീട് വാടകയ്ക്കെടുത്തിരുന്ന ജോയിയും, സഹായിയായ മുട്ടയ്ക്കാവ് സ്വദേശി സലിമിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെയും പൊലീസ് വിവരമറിയിച്ചിട്ടുണ്ട്.