പ്രഫ. എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാലുദിവസം നീണ്ടുനില്‍ക്കുന്ന പ്രഫ. എന്‍. കൃഷ് ണപിള്ള കലോത്സവം 2026 ന്റെ ഉദ്ഘാടനം മന്ത്രി സി.പി. ജോൺ നിർവഹിക്കുന
തിരുവനന്തപുരം: ഭവനങ്ങളുടെ ആന്തരിക വികസനം അളക്കാനുള്ള അളവുകോലാണ് പ്രഫ. എന്‍. കൃഷ്ണപിള്ളയുടെ പ്രശസ്ത നാടകമായ ഭഗ്നഭവനം എന്നു മന്ത്രി സി.പി. ജോണ്‍. പ്രഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രഫ. എന്‍. കൃഷ്ണപിള്ള കലോത്സവം 2026 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സാംസ്കാരികാചാര്യന് എന്‍. കൃഷ്ണപിള്ളയുടെ 110-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായാണ് കലോത്സവം. പ്രഫ.എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷന് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫൗണ്ടേഷന്റെ 37-ാം വാർഷികത്തിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും മന്ത്രി സി.പി ജോൺ നിര്‍വഹിച്ചു.
എന്‍. കൃഷ്ണപിള്ളയുടെ ശിഷ്യനും എഴുത്തുകാരനുമായ പ്രഫ. എഴുമറ്റൂര്‍ രാജരാജവര്‍മ ഗുരുവിന്റെ പാത പിന്തുടരുന്ന ശിഷ്യനാണ്. മലയാള ഭാഷാ പ്രയോഗത്തില്‍ വരുന്ന സംശയങ്ങള്‍ ചോദിക്കുവാന്‍ ഇന്നു മുന്നിലുള്ളത് എഴുമറ്റൂരാണെന്നും മന്ത്രി പറഞ്ഞു.
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി, രാമപുരത്ത് വാര്യര്‍, കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന് അനാഛാദനം ചെയ്തു. ഫൗണ്ടേഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഗോപിനാഥ്, അംഗങ്ങളായ എസ്. രാധാകൃഷ്ണന്, ലീല പണിക്കര്‍, ഡോ. വി.എസ്. വിനീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിന്നണി ഗായകന് ജി.ശ്രീറാം സ്മരണാഞ്ജലി ആലപിച്ചു. ഫൗണ്ടേഷന് സെക്രട്ടറി ഡോ. എഴുമറ്റൂര്‍ രാജ രാജവര്‍മ സ്വാഗതവും ട്രഷറര്‍ ബി. സനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വൈവിധ്യമേറിയ കലാപരിപാടികള്‍ നടന്നു.