അടൂർ: നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായ ഗാന്ധി സ്മൃതി മൈതാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ മുടങ്ങി. ലക്ഷങ്ങള്‍ ചെലവിട്ട് നടത്തുന്ന നവീകരണം നിലച്ചതോടെ, നഗരത്തിലെ പ്രധാന പൊതുപരിപാടികള്‍ നടത്താനാകാതെ പ്രതിസന്ധി രൂക്ഷമാകുകയാണ്. കഴിഞ്ഞ രണ്ടര മാസമായി ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല.
ഏകദേശം 60 ലക്ഷം രൂപ ചെലവിട്ടാണ് മൈതാനത്തിന്റെ നവീകരണം ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന ചുറ്റുമതില്‍ പൊളിച്ചുനീക്കിയെങ്കിലും പുനര്‍നിര്‍മാണം ഇതേവരെ തുടങ്ങിയിട്ടില്ല. മൈതാനത്തിനുള്ളില്‍ ടൈലുകള്‍ പാകുന്നതിന്റെ ഭാഗമായി വലിയ കുഴികള്‍ എടുത്ത നിലയിലാണ്. ഇത് പൂര്‍ത്തിയാക്കാതെ തറയോടുകള്‍ പാകാന്‍ കഴിയില്ല. പഴയ ഓപ്പണ്‍ സ്റ്റേജ് മാറ്റി ആധുനിക രീതിയിലുള്ള ഇന്‍ഡോര്‍ സ്റ്റേജ് ആക്കാനുള്ള പണി തുടങ്ങിയെങ്കിലും നിലവില്‍ അനിശ്ചിതത്വത്തിലാണ്.
പൊതുജനങ്ങള്‍ക്കായി നിര്‍മിക്കാനിരുന്ന ടോയ്ലറ്റ് സംവിധാനത്തിന്റെ കെട്ടിടം പാതിവഴിയില്‍ നിലച്ചു. മുന്‍പുണ്ടായിരുന്ന റേഡിയോ കിയോസ്ക് തകര്‍ന്നതിനേ തുടര്‍ന്ന് പുതിയത് സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയായില്ല.
അടൂര്‍ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനങ്ങളെല്ലാം നടന്നിരുന്നത് ഈ സെന്‍ട്രല്‍ മൈതാനത്തായിരുന്നു. സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിന ചടങ്ങുകൾ, സംയുക്ത ക്രിസ്മസ് ആഘോഷം തുടങ്ങി നൂറുകണക്കിനാളുകള്‍ ഒത്തുചേരുന്ന നഗരത്തിലെ പ്രധാന പരിപാടികളുടെയെല്ലാം സിരാകേന്ദ്രമായിരുന്നു ഗാന്ധി സ്മൃതി മൈതാനം. നിലവില്‍ മൈതാനം കുഴിച്ചും നിര്‍മാണസാമഗ്രികള്‍ നിരത്തിയും കിടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇതോടെ പ്രധാന ആഘോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വേദിയില്ലാതെ സംഘാടകര്‍ വലയുകയാണ്.
നഗരഹൃദയത്തിലെ മൈതാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് അടൂര്‍ നിവാസികളുടെ ആവശ്യം. മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചില്ലെങ്കില്‍ മൈതാനം കൂടുതല്‍ നാശത്തിലേക്ക് കൂപ്പുകുത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം നവീകരണം പൂര്‍ത്തിയാക്കി ഗാന്ധി സ്മൃതി മൈതാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.