പ്രതീകാത്മക ചിത്രം
ആലപ്പുഴ: വിവാദങ്ങൾക്കൊടുവിൽ നഗരചത്വരത്തിന്റെ നവീകരണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം. നഗരചത്വരത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് നഗരസഭയെ അറിയിക്കുന്നില്ലെന്ന വിമർശനത്തെത്തുടർന്ന് എ.ഡി. തോമസ എംഎൽഎയുടെ നേതൃത്വത്തിൽ നഗരസഭയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് നിർദേശം. ഹിന്ദുസ്ഥാൻ ലാറ്റിക്സ് ലിമിറ്റഡ് ഏറ്റെടുത്ത കരാറിന്റെ ഉപകരാർ ഏറ്റെടുത്തിരിക്കുന്നത് ഡോറ എന്ന മറ്റൊരു കമ്പനിയാണ്.
നിർമാണപ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ ഒരിക്കലും എതിരല്ലെന്നും എന്നാൽ, എന്തെല്ലാമാണ് ഇവിടെ നടക്കുന്നതെന്ന് അറിയിക്കണമെന്നും എംഎൽഎ കരാർ കമ്പനിക്ക് നിർദേശം നൽകി. അടിയന്തരമായി ഡിപിആർ അടക്കമുള്ള രേഖകൾ തനിക്കും നഗരസഭാധ്യക്ഷയ്ക്കും എത്തിക്കണം. ശേഷം നിർമാണം പൂർത്തിയാക്കാനുള്ള എല്ലാ സഹകരണവും ഉണ്ടാവുമെന്നും എംഎൽഎ കരാർകമ്പനിയെ അറിയിച്ചു.
ഭരണം മാറിയശേഷം കരാർ കമ്പനി തന്നെയോ നഗരസഭയെയോ കാണുകയോ നിർമാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ആശയവിനിമയത്തിൽ കരാർ കമ്പനി വീഴ്ചവരുത്തിയെന്നും എംഎൽഎ പറഞ്ഞു. ഇവിടെ എന്തൊക്കെ ജോലികളാണ് നടക്കുന്നതെന്ന് ജനങ്ങൾ ചോദിക്കുമ്പോൾ മറുപടി പറയാനാവാത്ത അവസ്ഥയാണെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് പറഞ്ഞു.
വാർഡ് കൗൺസിലർക്കോ നഗരസഭ എൻജിനിയർക്കോ ഇതിനെപ്പറ്റി യാതൊരു ധാരണയുമില്ല.
നിർമാണത്തിന്റെ ഭാഗമായി കുഴിച്ച മണ്ണ് മോഷണം പോകുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടാവണമെന്നും നഗരസഭാധ്യക്ഷ കരാർ കമ്പനിക്ക് നിർദേശം നൽകി. എന്നാൽ, തങ്ങൾ ടൂറിസം വകുപ്പുമായാണ് ചർച്ച നടത്തിയിട്ടുള്ളതെന്നും ടൂറിസം വകുപ്പാണ് നഗരസഭയുമായി ചർച്ച നടത്തുന്നതെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു. മണ്ണ് മോഷണം പോയിട്ടില്ലെന്നും രാത്രിയിൽ സെക്യൂരിറ്റിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.