തകർന്നുകിടക്കുന്ന മണത്തണ-ഓടന്തോട് റോഡിന്റെ ഭാഗം.
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ മണത്തണ-ഓടന്തോട് റോഡ് തകർന്ന നിലയിൽ. റോഡ് നവീകരണത്തിനായി 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
മണത്തണ-ഓടന്തോട് റോഡ് ബിഎംബിസി നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിനാണ് 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
ഓടന്തോട് പാലം വരെയുള്ള റോഡ് നവീകരണത്തിനായി 5.80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചത്. എന്നാൽ, ബജറ്റിൽ 4.50 കോടി രൂപ മാത്രമാണ് അനുവദിച്ചത്. തുക അപര്യാപ്തമായതിനാൽ ഓടന്തോട് പാലം വരെയുള്ള ഏകദേശം 700 മീറ്റർ റോഡ് നിലവിലെ പദ്ധതിയിൽ നിന്ന് ഒഴിവാകുമെന്ന ആശങ്കയുമുണ്ട്.
ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്നത് ഈ ഭാഗമായതിനാൽ അപകടസാധ്യതയും യാത്രാക്ലേശവും വർധിച്ചിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, വാഹനയാത്രക്കാർ എന്നിവർ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.
എത്രയും വേഗം റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ച് തകർന്ന ഭാഗം ഉൾപ്പെടെ മുഴുവൻ റോഡും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : road Nattuvishesham District News