കോട്ടയം: ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണമെന്നും വികസന പദ്ധതികളും മറ്റും നടപ്പാക്കുമ്പോള്‍ സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും പരിഗണിക്കാന്‍ മുന്‍കൈയെടുക്കണമെന്നും കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
കോട്ടയം സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. ജനപ്രതിനിധികള്‍ ഒന്നായിനിന്നാല് കോട്ടയത്തും ജില്ലയിലാകെയും വലിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിക്കും.
പലപ്പോഴും പ്രോജക്ടുകള്‍ തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചാൽ സാമ്പത്തിക വര്‍ഷകാലാവധി തീര്‍ന്നാലും പദ്ധതി തുടങ്ങാന്‍ പോലും സാധിക്കില്ല, ഇതിനു പരിഹാരം കണ്ടെത്താന്‍ ജനപ്രതിനിധികള്‍ കൂട്ടായ തീരുമാനമെടുക്കണമെന്നും ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
കാരിത്താസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ നടന്ന സമ്മേളനത്തില്‍ മാന്നാനം കെഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കുര്യന് ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു. സിറ്റിസണ്‍സ് ഫോറം ചെയര്മാന് ഫാ. ഡോ. ബിനു കുന്നത്ത്, തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് മുല്ലശേരി ,അഡ്വ. പി.പി. ജോസഫ്, ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ. ഫിജി നടുവിലേത്തറയില്‍, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ്, പ്രഫ. റോണി കെ. ബേബി എന്നിവര്‍ക്കും ജില്ലയിലെ നഗരസഭാ ചെയര്‍പേഴ്സണ്‍മാരായ എം.പി. സന്തോഷ്കുമാര്‍, വി.പി. നാസര്‍, ദിയ ബിനു പുളിക്കക്കണ്ടം, അബ്ദുല്‍സലാം റാവുത്തര്‍, ടോമി കുരുവിള പുളിമാന്തുണ്ടം, ജോമി ജോസഫ് എന്നിവര്‍ക്കുമാണ് സ്വീകരണം നല്‍കിയത്.
ജനപ്രതിനിധികളെ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : nattu vishesham