കളമശേരി: വിദ്യാർത്ഥികൾക്ക് വ്യക്തി ജീവിതത്തിലും, തൊഴിൽ രംഗത്തും വിജയം കൈവരിക്കാൻ ഉത്തരവാദിത്വ ബോധം, കരുണ, പ്രഫഷണലിസം എന്നിവ ഉണ്ടാകണമെന്ന് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഫിസാറ്റ്) മുൻ ചെയർമാൻ പോൾ മുണ്ടാടൻ. രാജഗിരി പബ്ലിക് സ്കൂളിൽ 2025-26ലെ പ്രഥമ ചാവറ പ്രഭാഷണ പരമ്പരയിൽ മനോഭാവം, പെരുമാറ്റം, പ്രവൃത്തി: വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ സ്വാധീനവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സ്മരണയ്ക്കായാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. സാന്ത്വന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി ഡയറക്ടർ റവ. ഡോ. വർഗീസ് പുതുശേരി അധ്യക്ഷനായി. രാജഗിരി പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങേൻ, പ്രിൻസിപ്പൽ റൂബി ആന്റണി, വൈസ് പ്രിൻസിപ്പൽ ജെസ്ന ഡോൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.