പ്രതീകാത്മക ചിത്രം
വെള്ളറട: പിരിച്ചുവിടപ്പെട്ട ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി കുന്നത്തുകാൽ സര്‍വീസ് സഹ. ബാങ്കിനെതിരേ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട നോട്ടീസ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്ക് അധികൃതര്‍ക്ക് നല്‍കാനെത്തി. മുന്‍ ജീവനക്കാരനായ വറട്ടയം സുകുമാരന്‍ നായർക്കെതിരേ ബാങ്ക് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. തൊഴിലാളിക്ക് അനുകൂലമായി ലേബര്‍ കോടതിയും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും പുറപ്പെടു വിച്ച ഉത്തരവുകള്‍ ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിയ്ക്കെതിരേ ബാങ്ക് നല്കിയ അപ്പീലുകളാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പൂര്‍ണമായും നിരസിച്ചത്.
2004ല്‍ ബാങ്ക് നല്കിയ ഒരു ഭേദഗതി അപേക്ഷ ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്ന സാങ്കേതിക വാദമാണ് ബാങ്ക് ഉന്നയിച്ചത്.
എന്നാല്‍ ഈ അപേക്ഷ ബാങ്ക് അക്കാലത്ത് കോടതിയില്‍ കൃത്യമായി ഫയല്‍ ചെയ്യുകയോ നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിരുന്നില്ലെന്നു ഹൈക്കോടതി കണ്ടെത്തി. കുന്നത്തുകാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ തൊഴിലാളിവിരുദ്ധനടപടിക്കെതിരേയാണ് ഹൈക്കോടതിയുടെ വിധിയെന്നു മുന്‍ ജീവനക്കാരന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. 1998 ജനുവരി 10 നാണ് സുകുമാരന്‍ നായരെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനെതിരേ അദ്ദേഹം നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു.
പിരിച്ചുവിട്ട നടപടി തെറ്റാണെന്നും സര്‍വീസില്‍ തുടരുന്നതായി കണക്കാക്കി ആറു ശതമാനം പലിശ സഹിതം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും കൊല്ലം ലേബര്‍ കോടതിയും വിധിച്ചിരുന്നത്. ഈ വിധികള്ക്കെതിരേയാണ് ഭരണസമിതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
Tags : NattuVishasham DistrictNews