പ്രതീകാത്മക ചിത്രം
കോട്ടയം: പ്രളയദുരിതത്തിനിടയില്‍ ജില്ലയുടെപടിഞ്ഞാറന് മേഖല ജലജന്യരോഗ ഭീഷണിയുടെ വക്കിലാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ വലിയ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതിനൊപ്പം വകുപ്പിലെ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്. രോഗം വരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാലോ രോഗം സ്ഥിരീകരിച്ചാലോ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ അടുക്കലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.
വയറിളക്കം മുതല്‍ എലിപ്പനിവരെ
മലിനജലവുമായി സമ്പര്‍ക്കം വരുമ്പോഴാണ് എലിപ്പനി സാധാരണയായി ഉണ്ടാകുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ള മാരകരോഗമാണിത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളും ഇതോടൊപ്പം കാണാം. എലിപ്പനിയെ പ്രതിരോധിക്കാന്‍ ആഴ്ചയില്‍ 200 മില്ലിഗ്രാം ഡോക്സി സൈക്ലിന്‍ ഗുളിക മുതിര്‍ന്നവര്‍ കഴിക്കണം. പ്രതിരോധമരുന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കൈയില്‍നിന്നു സൗജന്യമായി ലഭിക്കും.
മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപ്പിത്തവും പകരുന്നത്. വയറിളക്ക രോഗബാധ വന്നാല്‍ കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.
ശ്രദ്ധിക്കാന്‍
* കെട്ടിക്കിടക്കുന്ന വെള്ളത്തിലോ മലിനജലത്തിലോ ഇറങ്ങുന്നവരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന ഉദ്യോഗസ്ഥരും മറ്റു സന്നദ്ധപ്രവര്‍ത്തകരും ഡോക്സി സൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
* വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണം.
* തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ.
* കിണര്‍ജലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിര്ദേശപ്രകാരംതന്നെ ക്ലോറിനേഷന് ചെയ്യണം.
* ആഹാരം ചൂടോടുകൂടി മാത്രം കഴിക്കുക.
* ടോയ്ലറ്റ് ഉപയോഗിച്ചശേഷവും ഭക്ഷണം കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
* കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം.
* പനിയുള്ളവര്‍ ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല.
* ക്യാമ്പുകളിലും മറ്റും കഴിയുന്ന തുമ്മല്‍, ജലദോഷം എന്നിവയുള്ളവര്‍ മാസ്ക് ഉപയോഗിക്കണം.
വീട്ടിലേക്കു മടങ്ങുന്നവര്‍ ഓര്‍ക്കാന്‍
* മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കണം.
* വീടിനുള്ളില്‍ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ അകത്തേക്ക് കയറാവൂ.
* വീടിനുള്ളില്‍ വെള്ളം കെട്ടിക്കിടപ്പുണ്ടെങ്കില് ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനാശനം വരുത്താവുന്നതാണ്.
* കിണര്‍ജലം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം.
* വീടിനുള്ളില്‍ ഷോര്‍ട് സര്‍ക്യൂട്ട് ഇല്ലായെന്ന് ഉറപ്പു വരുത്തണം.
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം.
* ഏന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
Tags : Nattuvishesham DistrictNews DeepikaNews diseases