വീടുകളിൽ വെള്ളം കയറിയ നിലയിൽ
കൊട്ടിയം: മയ്യനാട് പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലൂടെ കടന്നു പോകുന്ന വാഴപ്പള്ളി - കടമ്പാട്ട് മുക്ക്- മൈലാപ്പൂര് റോഡിന്റെ നിർമാണം മുടങ്ങി കുളമായി കിടക്കുകയാണ്. നിർമാണം പാതിവഴിയിൽ മുടങ്ങിയതോടെ വലയുകയാണ് നാട്ടുകാർ. റീ ടാറിംഗിനായി കുത്തിപ്പൊളിച്ച ശേഷം മെറ്റൽ നിരത്തി അതിന് മുകളിൽ ടാർ മിശ്രിതം ഒഴിച്ചു യാത്രക്കാരെ മുഴുവൻ വലയ്ക്കുകയാണ്. ഇവിടെ നിർമാണ പ്രവർത്തനം ഒന്നും നടന്നില്ല. ടാറിന്റെ വില കൂടിയതിനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ തുക കൂട്ടി നൽകാൻ അധികൃതർ തയാറാകുന്നുമില്ല. ഇതോടെയാണ് നാട്ടുകാരിൽ ആശങ്ക ഉയരുന്നത്.
നേരത്തേ ഉണ്ടായിരുന്ന റോഡിൽ നിന്ന് ഉയരത്തിലാണ് പുതിയ റോഡ് നിർമിക്കുന്നത്. ഇതോടെ റോഡരികിലെ വീടുകളെല്ലാം താഴ്ചയിലായി. മഴവെള്ളം റോഡിൽ നിന്ന് ഒഴുകി വീട്ടു മുറ്റത്തേക്ക് എത്തുകയാണ്. ഇതു തടയാനായി ഗേറ്റിന് അടിയിൽ മണൽ ചാക്കുകൾ നിരത്തി വക്കേണ്ട അവസ്ഥയാണ്.
മാസങ്ങൾക്ക് മുൻപ് മെറ്റലിനു മു കളിൽ ഒഴിച്ച ടാർ മിശ്രിതം മഴക്കാലത്ത് ഒഴിച്ചു പോയി. ഇതോടെ മെറ്റൽ ഇളകിമാറി കുണ്ടും കുഴിയുമായി. ഇരുചക്ര വാഹനയാത്രക്കാർക്ക് ഇത് വഴി യാത്ര ചെയ്യാൻ വലിയബുദ്ധിമുട്ടാണ്. റീ ടാറിംഗ് ചെയ്യുമ്പോൾ റോഡരികിലൂടെ ഓട കൂടി നിർമിക്കണമെന്ന ആവശ്യം മുഖവിലയ്ക്കെടുത്തില്ല. റോഡ് നിർമാണം പൂർത്തിയായാലും വെള്ളം വീടുകളിലേക്ക് എത്തുമെന്ന അവസ്ഥയാണ്.
മയ്യനാട് പഞ്ചായത്തിൽ മറ്റൊരു വാർഡിലും ഇത്തരത്തിൽ റോഡ് നിർമാണം മുടങ്ങിയ സ്ഥിതിയില്ല. പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡ് റീടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നിവേദനങ്ങളും പരാതികളുമായി കയറിയിറങ്ങിയതോടെയാണ് ഒടുവിൽ നിർമാണത്തിന് അനുമതി ലഭിച്ചത്.
സ്കൂൾ കുട്ടികൾ ഈ റോഡിലൂടെയാണ് സ്കൂളിൽ പോകുന്നത്. മെറ്റലുകൾ തെറിച്ചു കുട്ടികൾക്കും മാത്രമല്ല വഴിയാത്രക്കാർക്കെല്ലാം പരിക്കു പറ്റുന്ന അവസ്ഥയാണ്. വീടുകളിൽ വെള്ളം കയറുന്നതുമൂലം താമസിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ചെറിയൊരു മഴ പെയ്താലും ചെളിവെള്ളമാണ് വീടിനുള്ളിൽ കയറുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടു നാട്ടുകാർ രംഗത്തിറങ്ങി കഴിഞ്ഞു.
Tags : Local News Nattuvishesham Kollam