തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലെ റോഡിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നു.
തേർത്തല്ലി: തേർത്തല്ലിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ റോഡ് തോടായി മാറി. റോഡിന് ചേർന്നുള്ള കോൺക്രീറ്റ് ഓവുചാലിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. തേർത്തല്ലി ചുങ്കസ്ഥാനം റോഡിന് ഓവുചാലുണ്ടെങ്കിലും ഓവുചാൽ മാലിന്യങ്ങൾ കൊണ്ട് അടഞ്ഞുകിടക്കുന്നതിനാൽ റോഡ് സൈഡിലൂടെ വെള്ളം കുത്തിയൊഴുകി റോഡ് തകരുകയും ചെയ്തു.
പ്രായമായവരും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു രോഗികളാണ് ആലക്കോട് പഞ്ചായത്തിന്റെ തേർത്തല്ലിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. തേർത്തല്ലിയിൽ ഇറങ്ങി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു പോകണമെങ്കിൽ ഈ ചെളിവെള്ളം താണ്ടി വേണം അങ്ങോട്ട് പ്രവേശിക്കാൻ. റോഡിലൂടെ വരുന്ന വാഹനങ്ങൾ ചെളി തെറിപ്പിക്കുന്നതും നിത്യസംഭവമാണ്.
ഇവിടെ നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് ഓവുചാലും അശാസ്ത്രീയമാണ്. ഇവിടെ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുകയാണ്. എത്രയും വേഗം റോഡിലൂടെ സുഗമമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags : Nattuvishesham DistrictNews DeepikaNews Road