പേരൂര്‍ക്കട: നഗരപരിധിയില്‍ മൂന്നിടങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ മോഷ്ടാക്കള്‍ ഇപ്പോഴും കാണാമറയത്ത്. 15ന് പുലര്‍ച്ചെ 4.30ന് കുറവന്‍കോണം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫസ്റ്റ് ക്രൈ എന്ന സ്ഥാപനത്തിലും അമ്പലമുക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു റസ്റ്റോറന്‍റ്, ലബോറട്ടറി എന്നിവിടങ്ങളിലുമായിരുന്നു മോഷണം.
ഫസ്റ്റ് ക്രൈയില്‍ നിന്ന് ഡ്രേയറില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയാണ് കവര്‍ന്നത്. മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് ഏകദേശം അരലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഫസ്റ്റ് ക്രൈ എന്ന സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ നശിപ്പിച്ചശേഷമായിരുന്നു മോഷണം. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഇവര്‍ വഴുതക്കാട് ബാര്‍ട്ടണ്‍ഹില്‍ സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരാണ് മോഷണം നടത്തിയത്. കൃത്യം നടത്തിയശേഷം ബൈക്കില്‍ ഇവര്‍ തിരികെപ്പോകുന്ന ദൃശ്യങ്ങള്‍ വരെ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞതോടെ ഇവര്‍ ഒളിവില്‍പ്പോയതായാണ് സൂചന.
പ്രതികളെ പിടികൂടുന്നതിന് പോലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും അവര്‍ ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്ന കടകളുടെ സമീപത്തേക്കു പ്രതികള്‍ വരുന്നതും ഇവര്‍ കൃത്യം നടത്തി പുറത്തുപോകുന്നതുമായ കാമറാദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയുണ്ടായി. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമായി നടന്നുവരുന്നതായി പേരൂര്‍ക്കട പോലീസ് അറിയിച്ചു.
Tags : Robbery Thiruvananthapuram