കല്പ്പറ്റ: ബീവറേജ് പരിസരത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ പോലിസ് പിടികൂടി.
തരുവണ, മന്ദംകണ്ടി മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ സൈദുള്ള (36) എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും ജില്ലാ പോലിസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് സാഹസികമായി പിടികൂടിയത്. ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി കർണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവർക്കെതിരേ പനമരം പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എൻഡിപിഎസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കൽപ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ട് കേസുകൾ നിലവിലുണ്ട്. സൈദുള്ളക്ക് കൽപ്പറ്റ സ്റ്റേഷനിലും കേസുണ്ട്.
ഓഗസ്റ്റ് 31ന് ഉച്ചയോടെ പടിഞ്ഞാറത്തറ നായ്മൂല ബീവറേജിന് സമീപത്താണ് ഇവർ ആദ്യ കവർച്ച നടത്തിയത്. കാറിലെത്തിയ സംഘം ലോട്ടറി വിൽപനക്കാരനായ ബിജോയിയിൽ നിന്ന് ലോട്ടറി വാങ്ങി പണം നൽകാമെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റുകയും തട്ടിക്കൊണ്ടു പോയി മർദിക്കുകയും ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവച്ച് പണവും ടിക്കറ്റുകളും കവരുകയുമായിരുന്നു. അന്നു തന്നെ വൈകുന്നേരം പനമരത്തും ഇവർ കവർച്ച നടത്തി. നടവയൽ സ്വദേശിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു.
രാത്രിയോടെ കൽപ്പറ്റ ബിവറേജ് പരിസരത്ത് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഇരുവരെയും കൽപ്പറ്റ പൊലിസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടിരുന്നു.
പിന്നീട് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്റ്റേഷനുകളിലെത്തുകയും പൊലിസ് കേസെടുക്കുകയും പ്രതികളെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹർ, മാനന്തവാടി എഎസ്പി കാർത്തിക് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. ബിജു വർഗീസിന്റെ നേതൃത്വത്തിൽ ശാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ശ്രീജേഷ്, അബ്ദുൾ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Nattuvishesham Districtnews Deepikanews Accused arrested