തർപ്പണ തിരുനാളിന്റെ ഭാഗമായി നടന്ന തിരുസ്വരൂപം എഴുന്നള്ളിക്കൽ.
പാലയൂർ: മാർ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കംകുറിച്ചതിന്റെ ഓർമപുതുക്കുന്ന തർപ്പണത്തിരുനാളിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി.
മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ ഇന്നലെനടന്ന തിരുസ്വരൂപം തൊട്ടുവണങ്ങാൻ വലിയ തിരക്കായിരുന്നു. ആ ഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് മോൺ. ജോർജ് മാനാടൻ മുഖ്യകാർമികനായി. തുടർന്നു രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ക ുടുംബക്കൂട്ടായ്മകളിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. സമർപ്പിതസംഗമവും ഉണ്ടായിരുന്നു. രാത്രി യൂണിറ്റുകളുടെയും പടിഞ്ഞാറെ സമുദായത്തിന്റെയും നേതൃത്വത്തിൽ അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിച്ചു. വാദ്യമേളങ്ങൾ, തേര്, കരിമരുന്ന് അകമ്പടിയായി. തുടർന്ന് വർണമഴയുംമെഗാ ബാൻഡ് വാദ്യസംഗമവും ഉണ്ടായിരുന്നു.
ഇന്നുരാവിലെ 6.30ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. വിൽസൺ പിടിയത്ത് മുഖ്യകാർമികനാകും. ഫാ.ഡോ. റോയ് വടക്കൻ സന്ദേശംനൽകും. രണ്ടിന് തളിയക്കുളത്തിൽ സമൂഹ മാമോദീസ, ദിവ്യബലി. എമിരറ്റസ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികനാകും. വെെകീട്ട് 4.30ന് വിശുദ്ധ കുർബാന. ഫാ. ബെന്നി ചിറമ്മൽ കാർമികത്വംവഹിക്കും.
തുടർന്ന് അങ്ങാടി പ്രദക്ഷിണം, വർണമഴ. മെഗാ ഫ്യൂഷൻ. ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. നിതിൻ താഴത്ത്, ട്രസ്റ്റിമാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവ്യർ വാകയിൽ, സി.ഒ. ഫ്രാൻസിസ്, പി.എ. ഹൈസൺ, ജനറൽ കൺവീനർ ടി.ജെ. ഷാജു, ഇ.എം. സാജൻ, ജെയ്സൺ കീഴ്വര, ജെറി ജോസ്, റെജി ജെയിംസ്, ആന്റണി മുട്ടത്ത്, സി.പി. വർഗീസ് തുടങ്ങിയവർ നേതൃത്വംനൽകി.