ദേശീയപാതയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് തുറവൂരിൽ നടന്ന പരിശോധന.
ആലപ്പുഴ: ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ഇന്നലെ തുടങ്ങി. ആദ്യ സ്ക്വാഡ് അരൂർ മുതൽ മാരാരിക്കുളം വരെ 60 സ്ഥലങ്ങളിലും രണ്ടാം സ്ക്വാഡ് ഓച്ചിറ മുതൽ കൊറ്റംകുളങ്ങര വരെയും മൂന്നാമത്തെ സ്ക്വാഡ് അമ്പലപ്പുഴ താലൂക്കിൽ കൊമ്മാടി മുതൽ കളിത്തട്ട് വരെയുമാണ് പരിശോധന നടത്തിയത്.
സ്ഥിരമായുള്ള അനധികൃത പാർക്കിംഗ്, ഡിവൈഡർ അടയ്ക്കുന്നതും തുറക്കുന്നതും മൂലമുള്ള ഗതാഗത നിയന്ത്രണത്തിലെ അസ്ഥിരത, റോഡ് പ്രവൃത്തി മൂലം അതത് സമയങ്ങളിലുള്ള നിയമലംഘനം, റോഡ് കൈയേറ്റം, വർക്ഷോപ്പിന് സമീപമുള്ള അനധികൃത പാർക്കിംഗ് എന്നിവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യദിനം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ അധികൃതർ അവ പരിഹരിച്ചില്ലെങ്കിൽ ഇന്നു മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനം വഴി നോട്ടീസ് നൽകും. എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ 48 മണിക്കൂറിനുശേഷം കർശന നടപടി സ്വീകരിക്കും.
പരിശോധനയ്ക്കുശേഷമുള്ള റിപ്പോർട്ട് ഓരോ സ്ക്വാഡും നാളെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തുടർന്ന് അവലോകന യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. ആദ്യ സ്ക്വാഡിനെ ചേർത്തല എംവിഐ താഹിറുദ്ദീനും രണ്ടാം സ്ക്വാഡിനെ എംവിഐ വാഗീശ്വരനും മൂന്നാമത്തെ സ്ക്വാഡിനെ എംവിഐ (എൻഫോഴ്സ്മെന്റ്) ടി.എ. സ്റ്റാൻലിയുമാണ് നയിക്കുന്നത്.
വിവിധ സ്ക്വാഡുകളുടെ ഏകോപന ചുമതല എൻഫോഴ്സ്മെന്റ് ആർ.ടി. ജെർസണാണ് നൽകിയിട്ടുള്ളത്. ജില്ലാ കളക്ടർ ഷാജി വി. നായരുടെ നേതൃത്വത്തിൽ ദേശീയപാത സുരക്ഷയുമായി ബന്ധപ്പെട്ട യോഗമാണ് സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്.