കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ രാജ്യം നേടിയ പുരോഗതികൾക്ക് മേൽ കാവിവത്കരണം അടിച്ചേൽപ്പിച്ച് അസ്ഥിരപ്പെടുത്താനും കോർപറേറ്റ് മേഖലയെ സംരക്ഷിക്കുവാനും ധൃതി കാണിക്കുന്ന ഭരണ സംവിധാനം തികഞ്ഞ പരാജയമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ സമ്മേളനം കൊല്ലം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ മറക്കുന്നവരെ അധ്യാപക സമൂഹവും മറക്കണം. വിദ്യാഭ്യാസമേഖലയിലെ അനവധി പ്രശ്നങ്ങളിൽ യാതൊരു മാനുഷിക പരിഗണനയും നൽകാതെ മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാർ പിഎംശ്രീ ഉൾപ്പെടെയുള്ള ഡീലിലൂടെ കേന്ദ്ര സർക്കാറിന് കുട പിടിക്കുകയാണ്.
ഭിന്നശേഷി നിയമന പേരുപറഞ്ഞ് പതിനായിരത്തോളം അധ്യാപകരുടെ നിയമന അംഗീകാരം തടഞ്ഞുവെച്ചിരിക്കുന്നത് സമൂഹം ശ്രദ്ധിക്കുന്നുണ്ട്.
ഇത്തരം നീതികേടുകൾ അധ്യാപക സമൂഹത്തോട് ചെയ്യുന്ന വലിയ അവഗണനയാണെന്നും ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരുന്നതോടെ ഭിന്നശേഷി വിഷയം, നിയമനാംഗീകാരം, 2015ന് ശേഷം നിയമിതരായ അധ്യാപകരുടെ ജോലി സംരക്ഷണം, പങ്കാളിത്ത പെൻഷൻ ബന്ധപ്പെട്ട വിഷയങ്ങൾ, കെ-ടെറ്റ് ഉൾപ്പെടെ അധ്യാപകർ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകി പരിഹാരം കാണുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പ്രസിഡന്റ് കെ.എം. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി മുഖ്യ പ്രഭാഷണം നിർവഹിച്ചു.അഡ്വ. പി.എം.എ സലാം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, അഹമ്മദ് കുട്ടി ഉണ്ണികുളം, നൗഷാദ് യൂനുസ് , അഡ്വ. സുൽഫികർ സലാം, ജനറൽ സെക്രട്ടറി കല്ലൂർ മുഹമദലി, ട്രഷറർ സിദ്ദിഖ് പാറോക്കോട് പ്രസംഗിച്ചു.