ഭരണങ്ങാനം: ലോകത്തിന്റെ മുന്പില് ഒരു പ്രശസ്തിയും സ്വന്തമാക്കാതെ ഈ ഭൂമിയില്‍ ജീവിച്ചു കടന്നുപോയ ഒരു സമര്‍പ്പിതയെ, ഒരു സന്യാസിനിയെ ഇന്ന് ദൈവം പ്രശസ്തയാക്കിയിരിക്കുന്നുവെന്ന് സീറോ മലങ്കര മൂവാറ്റുപുഴ ബിഷപ് യുഹാനോന്‍ മാര്‍ തെയഡോഷ്യസ് പറഞ്ഞു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
നിര്‍മിത ബുദ്ധിയുടെയും സോഷ്യല്‍ മീഡിയയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും ഈ കാലഘട്ടത്തില്‍ വലിയ ആവേശവും പ്രത്യാശയും ആന്തരിക സമാധാനവും നല്കുവാന് അല്‍ഫോന്‍സാമ്മയ്ക്ക് കഴിയുന്നതായും ബിഷപ് പറഞ്ഞു.
ഇന്നലെ അല്ഫോന്സിയന് ബാലദിനമായി ആചരിച്ചു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥനയും നടത്തി.
ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഫാ.ഡോ. ജോര്‍ജ് ചേപ്പില സിഎസ്ടി, ഫാ. ബിബിന്‍ പടന്നമാക്കല്‍, ഫാ. ജോര്‍ജ് മടിക്കാങ്കല്‍ സിആര്‍എം, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. മാത്യു വാഴയ്ക്കാപ്പാറ എന്നിവര്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
വൈകുന്നേരം നടന്ന ആഘോഷമായ ജപമാല തിരിപ്രദക്ഷിണം ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത് നയിച്ചു.