തൊടുപുഴയിലെ വ്യാപാരസ്ഥാപനത്തില്‍ നേന്ത്രക്കായ ഉപ്പേരി തയാറാക്കുന്ന ജീവനക്കാരന്.
തൊടുപുഴ: ഓണമെത്തിയതോടെ നേന്ത്രക്കായ ഉപ്പേരിയുടെ വില്‍പ്പന തകൃതിയായി. വെളിച്ചെണ്ണയില്‍ വറുത്തുകോരുന്ന ഉപ്പേരിക്ക് പ്രിയമേറെയാണ്. സദ്യക്കൊപ്പം വിളമ്പാനും വെറുതെയിരിക്കുമ്പോള്‍ കൊറിക്കാനുമായി നേന്ത്രക്കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും വാങ്ങാന്‍ ഓണക്കാലത്ത് ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്.
ഓണക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും സമ്മാനമായി നല്‍കുന്നതും ഉപ്പേരിതന്നെയാണ്. ഓണത്തിന്റെ രുചി വൈവിധ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഉപ്പേരിയുടെ സ്ഥാനം. വീടുകളില്‍ ഉപ്പേരി വറുക്കുന്നത് ഓണക്കാലത്തിന്റെ പ്രത്യേകതയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കടകളിലെ ഉപ്പേരിയാണ് ഏറിയ ആളുകളും വാങ്ങുന്നത്.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ബേക്കറികളിലും മറ്റും ഉപ്പേരി കൂടുതലായി ഇടംപിടിച്ചുകഴിഞ്ഞു. ചിപ്സ് നിര്‍മാണ കേന്ദ്രങ്ങളില്‍ കിലോക്കണക്കിന് ഉപ്പേരിയാണ് തയാറാകുന്നത്. നേന്ത്രക്കായ വില കൂടിയതിനാല്‍ ഉപ്പേരിയുടെ വിലയും ഇതോടനുബന്ധിച്ച് കൂടിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോയ്ക്ക് 500-600 രൂപ നിരക്കിലാണ് പലയിടങ്ങളിലും വില്പന. 200 ഗ്രാം പാക്കറ്റിന് 100 -120 രൂപയും അരക്കിലോ പായ്ക്കറ്റ് 300 രൂപയ്ക്കും ലഭിക്കും.
വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ വില കുറയും. എന്നാല്‍, രുചിയില്‍ മുന്‍പന്തിയില്‍ വെള്ളിച്ചെണ്ണ ചിപ്സായതിനാല് ഇതിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ശര്‍ക്കര വരട്ടിക്ക് കിലോയ്ക്ക് 500 -550 രൂപയാണ് വില. വരും ദിവസങ്ങളില്‍ വില കണക്കാക്കാതെ ഉപ്പേരി വില്പന തകൃതിയാകും. കടകള്‍ക്കു പുറമേ വഴിയോരങ്ങളിലും ചിപ്സ് പായ്ക്കറ്റുകള്‍ വില്പനയ്ക്കുണ്ട്.
Tags : Nattuvishesham District News Sales chips