അന്ധകാരനഴി പൊഴിമുഖത്ത് അടിഞ്ഞുകിടക്കുന്ന മണൽ.
തുറവൂർ: അന്ധകാരനഴി അഴിമുഖത്തുനിന്ന് മണൽവാരൽ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വള്ളങ്ങളിൽ മണൽ വാരുന്നത് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രദേശത്ത് കഴിഞ്ഞയിടെയുണ്ടായ വെള്ളപ്പൊക്കത്തത്തുടർന്ന് വീടുകളുടെ മുറ്റത്തും പറമ്പുകളിലും മറ്റും ചേറും ചെളിയും കെട്ടിക്കിടക്കുന്നതു മൂലം ദുരിതമനുഭവിക്കുകയാണ്. അന്ധകാരനഴി അഴിമുഖത്ത്നിന്ന് മണൽ വാരി പറമ്പിലും വീടുകളിലും ഇടാൻ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പംതന്നെ ഈ മണൽ, കൃഷി ആവശ്യത്തിനും ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ലക്ഷക്കണക്കിന് ടൺ മണലാണ് അന്ധകാരനഴി മുഖത്ത് അടഞ്ഞിരിക്കുന്നത്.
മുൻപ് വള്ളങ്ങളിൽ ഇവിടെനിന്ന് മണൽ കൊണ്ടുപോകാൻ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്ധകാരനഴിയിൽ നിന്ന് രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ വള്ളങ്ങളിൽ കൃഷി ആവശ്യത്തിനും പറമ്പിൽ ഇടാനും മണൽ കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നെങ്കിലും ഇത് നടപ്പിലായില്ല. അന്ധകാരനഴി തെക്ക്, വടക്ക് സ്പിൽവേകൾ ഭാഗികമായി അടഞ്ഞുകിടക്കുന്നതു മൂലം വള്ളങ്ങൾക്ക് പൊഴിമുഖത്തേക്ക് പോകാൻ സാധിക്കാത്തതാണ് കാരണം.
പ്രദേശവാസികൾ ട്രോളിയിലും മറ്റും മണൽ കൊണ്ടുപോകുന്നുണ്ട്. ഇത് നാട്ടുകാർക്ക് ആശ്വാസമാണ്. എന്നാൽ മണൽവാരൽ തൊഴിലാളികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കി മണൽവാരാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത്തരത്തിൽ മണൽവാരൽ അനുവദിച്ചാൽ മേയ് , ജൂൺ മാസം ആകുമ്പോൾ നിലവിലെ മണൽ നീക്കം ചെയ്യാനും പൊഴിമുഖത്ത് സുഗമമായ നീരൊഴുക്കിനുള്ള സാഹചര്യം ഒരുക്കാനും സാധിക്കുമെന്നാണ് മണൽവാരൽ തൊഴിലാളികൾ പറയുന്നത്.
അടിയന്തരമായി ജില്ലാ ഭരണകൂടവും പട്ടണക്കാട് പഞ്ചായത്ത് അധികൃതരും അന്ധകാരനഴി അഴിമുഖത്തുനിന്ന് വള്ളങ്ങളിൽ മണൽ കൊണ്ടുപോകാനുള്ള അനുമതി നൽകണമെന്നും, ഇതിനായി തെക്ക്-വടക്ക് സ്പിൽവേകളുടെ ഷട്ടറുകൾ തുറന്നു വള്ളങ്ങൾ കടന്നുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യം ശക്തമാണ്.
Tags : Sand mining nattuvishesham local news