പ്രതീകാത്മക ചിത്രം
കോഴിക്കോട് : കോട്ടപ്പറന്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അതിനൂതന സ്കാനിംഗ് മെഷീൻ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാൻ ഡോക്ടർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആശുപത്രിയിൽ റേഡിയോ ഡയഗ്നോസ്റ്റിക് ഡോക്ടറുടെ തസ്കിക ഒഴിഞ്ഞുകിടക്കുകയാണ് ഇതുമൂലംസ്വകാര്യസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് പോകേണ്ട സ്ഥിതിയാണ് സാധാരണക്കാര്‍ക്ക്.
മൂന്നുമാസം കൂടുമ്പോൾ ഗർഭിണികളെ നിർബന്ധമായും വിധേയമാക്കേണ്ട സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്കാണ് 58,94,001 രൂപ വിലയുള്ള മെഷീൻ ഉപയോഗിക്കാറ്. മെഷീൻ സ്ഥാപിച്ചിട്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ഡോക്ടറില്ലാത്തതിനാൽ പ്രയോജനം ആര്‍ക്കും ലഭിച്ചില്ല. സ്വകാര്യ സ്കാനിംഗ് സെന്ററുകളെയാണ് ഇപ്പോൾ രോഗികൾ ആശ്രയിക്കുന്നത്.
ആശുപത്രിയിലെ നിശ്ചിത ഫോറം വഴി രോഗികളെ സ്വകാര്യകേന്ദ്രങ്ങളിലേക്ക് അയക്കുകയും സ്വകാര്യ സ്ഥാപനം ഫോറം വഴി ബിൽ തുക കൈപ്പറ്റുന്നതുമാണ് നിലവിലെ രീതി. ഗർഭിണികൾക്ക് സൗജന്യ ചികിത്സയ്ക്കുള്ള ജെഎസ്എസ്-കെ (ജനനി ശിശു സുരക്ഷ കാര്യക്രമം), കെഎഎസ്പി (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഫണ്ടുകളിൽനിന്നാണ് ഈ തുക സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിവരുന്നത്.അതേസമയം, സ്കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ ഡോക്ടറെ നിയമിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Tags : Nattuvishesham DistrictNews DeepikaNews Scanning machine