പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി പിടിയിലായ പ്രതി ഉദ്യോഗസ്ഥർക്കൊപ്പം.
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 17 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്ന് ട്രെയിനിൽ കടത്തി കൊണ്ടു വന്ന കഞ്ചാവുമായി ബംഗാൾ മുര്‍ഷിദാബാദ് സ്വദേശി ദശരത് മണ്ഡലാണ്(21) അറസ്റ്റിലായത്. കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫ്, പ്രിവന്റീവ് ഓഫിസർ കെ. മുഹമ്മദ് ഹാരിസ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പയ്യന്നൂര്‍ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ വച്ചാണ് കഞ്ചാവ് സഹിതം പ്രതിയെ പിടികൂടിയത്. മൂന്നുബാഗുകളിലായി പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് ഇതിമു മുന്‍പു കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി എക്സൈസിനോട് പറഞ്ഞു.
കേരളത്തിലേക്ക് കഞ്ചാവ് വലിയതോതില്‍ എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് കടത്തുന്ന ഇയാളുടെ കൂട്ടാളികളെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ റേഞ്ച് എക്സൈസ്, ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് പാലക്കാട്, ആര്‍പിഎഫ് കണ്ണൂര്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
പയ്യന്നൂര്‍ എക്സൈസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. മധുസൂദനന്, വി.കെ. വിനോദ്, ടി.വി. കമലാക്ഷന്‍, പ്രിവന്റീവ് ഓഫിസര്‍ വിനേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ ശ്രേയ മുരളി, ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് പാലക്കാട് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എം. ഷിജു, ഹെഡ് കോണ്‍സ്റ്റബിള്‍ വി.വി. ശ്രീകാന്ത്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പ്രദീപ് കുമാര്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പരിശോധക സംഘത്തിലുണ്ടായിരുന്നു.
Tags : NattuVishesham DistrictNews