അട്ടേങ്ങാനം വെള്ളമുണ്ടയിൽ മൂന്നുപേരെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ പൊലിസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തിയപ്പോൾ.
കാഞ്ഞങ്ങാട്: അമ്പലത്തറ പൊലിസ് സ്റ്റേഷൻ പരിധിയിലെ അട്ടേങ്ങാനം വെള്ളമുണ്ടയിൽ യുവാവ് വീട്ടുവളപ്പിൽ കയറി മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. രാഘവൻ നായർ (72), ഭാര്യ ഇന്ദിര (65), അയൽവാസി യദു ചന്ദ്രൻ(28) എന്നിവർക്കാണ് പരിക്കേറ്റത്. രാഘവൻ നായരെയും ഭാര്യയെയും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും യദു ചന്ദ്രനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമം നടത്തിയ സജിത്തി (28) നെ പൊലിസ് പിടികൂടി.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ആദ്യം രാഘവൻ നായർക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഭാര്യ ഇന്ദിര ഓടിയെത്തിയപ്പോൾ അവരെയും വെട്ടിപ്പരിക്കേൽപ്പിച്ചു.
ദമ്പതികളുടെ നിലവിളി കേട്ട് അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയൽവാസിയായ യദുവിന് വെട്ടേറ്റത്. മൂവർക്കും കൈകൾക്കാണ് പരിക്ക്. ബഹളം കേട്ട് എത്തിയ നാട്ടുകാർക്ക് നേരെ കല്ലെറിയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്ഐമാരായ എം. സവ്യസാചി, ജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തത്.
Tags : NattuVishesham DistrictNews