അടിമാലി: മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയും സുരക്ഷാ ക്ലാസും 20 മുതൽ നടക്കും.പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ചാർജുള്ള അധ്യാപകർ, ആയമാർ എന്നിവർക്കുള്ള സുരക്ഷാ ക്ലാസുമാണ് സംഘടിപ്പിക്കുന്നത്.
20ന് മൂന്നാറിലാണ് ആദ്യ വാഹന പരിശോധന. മൂന്നാർ മേഖലയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധനയാണ് നടത്തുന്നത്. വാഹനങ്ങൾ രാവിലെ ഒൻപതിന് ഗ്യാപ് റോഡിലെ സിഗ്നൽ പോയിന്റിൽ എത്തിച്ചേരണം. 22ന് അടിമാലിയിലും പരിശോധന നടക്കും. അടിമാലി മേഖലയിലെ സ്കൂൾ അധികൃതർ വാഹനങ്ങളുമായി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ രാവിലെ എട്ടിന് എത്തണം.
ഇതിനോടകം അപേക്ഷിച്ചിരിക്കുന്നവർക്ക് വാഹന പരിശോധന നടക്കുന്ന ദിവസങ്ങളിൽ ഫിറ്റ്നസ് പുതുക്കി വാഹനത്തിന്റെ പരിശോധനയും പൂർത്തിയാക്കാം.
25ന് ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ചാർജുള്ള അധ്യാപകർ, ആയമാർ എന്നിവർക്കുള്ള സുരക്ഷാ ക്ലാസും വിശ്വദീപ്തി സ്കൂളിൽ രാവിലെ 9.30ന് നടത്തുമെന്ന് ദേവികുളം സബ്ബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ജയിംസ് അറിയിച്ചു. വാഹന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സ്റ്റിക്കർ നൽകും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജോയിൻ്റ് ആർടിഒ അറിയിച്ചു.
Tags : nattu vishesham School bus inspection