പെരുമാതുറ : മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭംമൂലം മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്നലെ രാവിലെ 07.50 ഓടെയായിരുന്നു അപകടം. പൂന്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള 'ജപമാലരാജ്ഞി' എന്ന തങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളായ ഒന്നാം പാലം സ്വദേശികളായ അലി (25), അർഷാദ് (22), നൗഷാദ് (22) എന്നിവർ കടലിൽ വീണു.
ഈ സമയം മൗത്ത് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാരായ റോയ് റോബർട്ട്, ഡി. ഷൈജു, ജോസഫ്, ജഗൻ എന്നിവർ ചേർന്ന് തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു. ചെറിയ പരിക്കുകൾ ഗുരുതരമല്ല. മൂവരും ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി.
വള്ളത്തിന്റെ രണ്ട് എൻജിനുകളും കടലിൽ നഷ്ടപ്പെട്ടു. മുതലപ്പൊഴി ഹാർബർ തുടർച്ചയായ അപകടങ്ങൾമൂലം മരണക്കെണിയായി മാറിയിരിക്കുകയാണ്. കടലിലേക്കു തള്ളിനിൽക്കുന്ന പുലിമുട്ടുകളും അടിഞ്ഞുകൂടുന്ന മണലും ശക്തമായ തിരമാലകളും കാരണം ഇവിടെ ദിനംപ്രതി നിരവധി വള്ളങ്ങളാണ് മറിയുകയും പുലിമുട്ടിലിടിക്കുകയും ചെയ്യുന്നത്. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പെങ്കിലും ഒന്നും ഫലംകണ്ടില്ല.