എസ്എഫ്ഐ ഐറ്റിഡിപി ഓഫിസ് ഉപരോധിക്കുന്നു
നിലമ്പൂര്‍: പുതിയ മെന്റര്‍ അധ്യാപകരെ നിയമിക്കാത്തതിനാല്‍ ആദിവാസി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയെന്ന് ആരോപിച്ച് എസ്എഫ്ഐ നിലമ്പൂര്‍ ഐറ്റിഡിപി ഓഫിസ് ഉപരോധിച്ചു.
നിലമ്പൂര്‍ ഐജിഎംഎംആര്‍ സ്കൂളിലെയും ഞെട്ടിക്കുളം എയുപി സ്കൂളിലെയും വിദ്യാര്‍ഥികളാണ് മെന്റര്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ പഠനം നിര്‍ത്തിയത്. ഇതോടെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിനിറങ്ങുകയായിരുന്നു. ഐജിഎംഎംആര്‍ സ്കൂളില്‍ 163 കുട്ടികളും ഞെട്ടിക്കുളം എയുപി സ്കൂളില്‍ 19 കുട്ടികളുമാണ് പഠനം നിര്‍ത്തിയത്. ഇവരെ സ്കൂളിലേക്ക് തിരിച്ചെത്തിക്കുന്നതിന് അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനപിന്തുണ ഉറപ്പാക്കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 17 ഗോത്രവിഭാഗം മെന്റര്‍ അധ്യാപകരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലായതെന്നും സമരക്കാര്‍ ആരോപിച്ചു.
ആദിവാസി കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ പഠനം എളുപ്പമാക്കുന്നതിനും ആവശ്യമായ പഠനപിന്തുണ നല്കുന്നതിനുമാണ് മെന്റര്‍ അധ്യാപകരെ നിയമിച്ചത്. സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ആദിവാസി കുട്ടികള്‍ക്കും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സമരം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സി.എം. സഫ്വാന് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡാനിഷ് അബ്ദുള്ള, എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സെക്രട്ടറി കെ.വി. മുഹമ്മദ് അദ്നാന് , എം. സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.