തിരുവനന്തപുരം : സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് മരിച്ചയാളുടെ അനന്തരാവകാശികൾക്ക് നൽകാൻ ബാക്കിയുള്ള അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പരമാവധി ഒരു മാസത്തിനുള്ളിൽ നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കു നിർദേശം നൽകി.
നെയ്യാറ്റിൻകര മാരായമുട്ടം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പാറക്കൂട്ടം ട്രാൻസ്ഫോർമറിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നും ഷോക്കേറ്റ് മരിച്ച ഓണംകോട് നടൂർകൊല്ല തൈത്തൂർ വിളാകത്ത് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.
ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുർകരുതൽ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ചീഫ് എൻജിനീയർ അറിയിച്ചു. പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.