പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയില്‍ പൊള്ളലേറ്റ് വീട്ടമ്മമാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സവാളയുടെ വിലയില്‍ 27രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 67 മുതല്‍ 70 രൂപ വരെ നിരക്കിലാണ് വിപണിയില്‍ ഇപ്പോള്‍ വില ഈടാക്കുന്നത്. മൊത്ത കച്ചവടക്കാര്‍ 62 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. സാധാരണക്കാര്‍ ഉള്ളി വാങ്ങുമ്പോള്‍ ഇത് 80 രൂപയ്ക്ക് മുകളിലെത്തുന്നു.
മുന്തിയ ഇനം ചെറിയ ഉള്ളിക്ക് 100 മുതല്‍ 120 രൂപ വരെയാണ് വില. 50 രൂപയില്‍ നിന്നാണ് 100 രൂപയായി വര്‍ധിച്ചത്. സവാളയുടെ വിലയിലും വന്‍ വര്‍ധനവാണ്. ഇതോടൊപ്പം പഞ്ചസാരയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ചില്ലറ വിപണിയില്‍ വരുംദിവസങ്ങളില്‍ ഒരു കിലോ സവാളയ്ക്ക് 100 രൂപ വരെ ഉയരാമെന്ന് കോഴഞ്ചേരി - തെക്കേമലയിലെ മൊത്ത പച്ചക്കറി വ്യാപാരിയായ ജി. അജീഷ് കുമാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെയിലാണ് വന്‍തോതില്‍ സവാള കൃഷി ചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും സവാള കൃഷി ചെയ്യുന്നുണ്ട്. കനത്ത മഴയും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടുതല്‍ നടക്കുന്നതുമാണ് വിലക്കയറ്റം ഇത്ര രൂക്ഷമാകാന്‍ കാരണമായി പറയുന്നത്.
സവാളയുടെയും മറ്റും വിളവെടുപ്പുസമയത്തുണ്ടായ മഴമൂലം ഉള്ളി ചീഞ്ഞുപോകുകയും വിപണിയിലേക്ക് ഉള്ളിയുടെ വരവ് കുറയുകയും ചെയ്തു. മഹാരാഷ്ട്രയിലെതന്നെ നാസിക്കിലും ഉള്ള പ്രമുഖ സവാള മൊത്തവ്യാപാരികളില്‍ നിന്നാണ് സവാള ഇവിടെ എത്തുന്നത്. പൊതുവിതരണകേന്ദ്രങ്ങളായ മാവേലി, ത്രിവേണി സ്റ്റോറുകളില്‍ സവാള ഇല്ലാത്തതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണകേന്ദ്രങ്ങളിലൂടെ സവാളയും ചെറിയ ഉള്ളിയും വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. പച്ചക്കറിയുടെ വില കൂടിയതും വീട്ടമ്മമാരെ അടക്കം വലയ്ക്കുകയാണ്.
ഉള്ളി കരയിക്കും
ഉള്ളിയുടെ വിലവര്‍ധന വീട്ടമ്മമാരെയാണ് ഏറെ ബാധിക്കുക. അടുക്കളയില്‍ ഉള്ളി ഒഴിച്ചു നിര്‍ത്താനാകില്ല. ഇതുകാരണം സവാളയും ചെറിയ ഉള്ളിയും ന്യായവിലയ്ക്കു ലഭിക്കുന്നില്ലെങ്കില്‍ കുടംബബജറ്റിന്റെ താളംതെറ്റിക്കും. ഉള്ളി അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടഞ്ഞുനിര്‍ത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
മിനി ശ്യാം മോഹന്‍, കോഴഞ്ചേരി.
കാറ്ററിംഗ് മേഖലയിലും പ്രതിസന്ധി
ഉള്ളി അടക്കം സാധനങ്ങളുടെ വില അടിക്കടി കൂടുന്നത് കാറ്ററിംഗ് മേഖലയെ സാരമായി ബാധിക്കും. 250 പേരുടെ സദ്യ ഒരുക്കുന്നതിന് 15 കിലോ സവാളയും എട്ടു കിലോ ചെറിയ ഉള്ളിയും ആവശ്യമായി വരും. വിലവര്‍ധന ഇത്തരത്തില്‍ എത്തിയിരിക്കുന്നതിനാല്‍ സദ്യകളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. പച്ചക്കറികള്‍ക്കുണ്ടായ വില വര്‍ധനയും സദ്യ നല്ല രീതിയില്‍ തയാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
അനില്‍ കുമാര്‍, നയന കാറ്ററിംഗ്, ആറന്മുള