കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി പരിസരത്തുനിന്നു തുടർച്ചയായി പാമ്പുകളെ പിടിക്കുന്ന സാഹചര്യത്തിൽ സമീപത്തുള്ള സ്വകാര്യ പുരയിടങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനിടെ മൂന്നു തവണ ആശുപത്രിവളപ്പില്നിന്നും പാമ്പിനെ പിടിച്ച സാഹചര്യത്തിൽ ഇന്നു ചേർന്ന ആശുപത്രി പരിപാലന സമിതി യോഗത്തിലാണ് തീരുമാനം.
ആശുപത്രി പരിസരം വൃത്തിയാക്കുന്നതിന് പുറമേ ചുറ്റമുള്ള സ്വകാര്യ പുരയിടങ്ങളിലും കാട് വളർന്നു നിൽക്കുകയാണ്. ഇവ തെളിക്കാൻ സ്വകാര്യ വ്യക്തികൾ തയാറാകുന്നില്ലെങ്കിൽ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും. യൂണിറ്റിലേക്ക് രണ്ട് നഴ്സുമാരെയും ശുചീകരണ തൊഴിലാളിയെയും നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ചെലവഴിച്ച ഇരുനിലകളിലായി പുതിയ ആശുപത്രി ബ്ലോക്കിനോട് ചേർന്ന് ശൗചാലയം നിര്‍മിക്കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ കെട്ടിടത്തിലൊരുക്കും. ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് കമ്മിറ്റിയും അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് ആശുപത്രി പരിപാലസമിതി അധ്യക്ഷയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജയ ശ്രീധര്‍ അറിയിച്ചു.
ആശുപത്രി സൂപ്രണ്ട് സാവന്‍ സാറാ മാത്യു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ആശുപത്രി പരിപാലന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.