ചിറ്റൂർ: ഉത്തരേന്ത്യയിൽ പടരുന്ന തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
പുതിയ ലേബർകോഡുകളുടെ മറവിൽ നടക്കുന്ന തൊഴിലാളി ചൂഷണങ്ങൾക്കെതിരേ വേതനവർധനവും സാമൂഹിക സുരക്ഷിതത്വവും ആവശ്യപ്പെട്ട് നോയിഡയിലും ഗുരുഗ്രാമിലുമുൾപ്പെടെ നടക്കുന്ന തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയും മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐക്യദാർഢ്യ പ്രകടനം നടന്നത്. ചിറ്റൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം അണിക്കോട് സമാപിച്ചു.
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി ജി. ജയകുമാർ അധ്യക്ഷത വഹിച്ചു. കെ. വിജയകുമാരൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏരിയ ജോയിന്റ് സെക്രട്ടറി ജോൺസൺ എന്നിവർ പ്രസംഗിച്ചു.