തുകയുടെ വിതരണം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കുന്നു.
ചെറുപുഴ: ദുരിത ബാധിതരായ മലയോര ജനതയ്ക്കൊപ്പം തലശേരി അതിരൂപത എന്നുമുണ്ടാകുമെന്നും മലയോരത്തിന്റെ പുനർനിർമാണത്തിനായി സ്പെഷൽ പാക്കേജ് അനിവാര്യമാണെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇക്കാര്യം സർക്കാരിനോട് ഒരിക്കൽ കൂടി ശക്തമായി ആവശ്യപ്പെടുകയാണെന്നും ആർച്ച് ബിഷപ് പറഞ്ഞു. പ്രളയക്കെടുതിയിൽ ദുരിതം നേരിട്ടവർക്ക് തലശേരി അതിരൂപത നൽകുന്ന ദുരിതാശ്വാസസഹായ വിതരണത്തിന്റെ ഉദ്ഘാടനം രാജഗിരി സെന്റ് അഗസ്റ്റിൻസ് പള്ളി പാരിഷ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഠിനമായ ദുഃഖത്തിലൂടെയും ഒറ്റപ്പെടലിലൂടെയും കടന്നുപോകുന്ന മലയോരജനത വലിയ നിരാശയിലാണ്. അവരുടെ ജീവിതത്തിന് പ്രകാശം പരത്താനും ദിശാബോധം നൽകാനും സർക്കാരിന്റെ ഭാഗത്തുനിന്നു സത്വര ഇടപെടൽ അത്യാവശ്യമാണ്. അതിനാൽ തന്നെ സ്പെഷൽ പാക്കേജ് എന്നത് ഈ യോഗത്തിന്റെ ആവശ്യമായി വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയാണ്. മലയോരജനതയുടെ ശക്തമായ പ്രതിഷേധം സർക്കാരിനെ ഈ അവസരത്തിൽ അറിയിക്കുന്നു. സർക്കാർ ആവശ്യമായ സഹായം ലഭ്യമാക്കുന്നതുവരെ തലശേരി അതിരൂപത ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ചെറുപുഴ, ഉദയഗിരി, ഈസ്റ്റ്- എളേരി പഞ്ചായത്തുകളിൽ നിന്നായി ലഭിച്ച 75 അപേക്ഷകർക്കായി 50 ലക്ഷം രൂപയാണ് സഹായധനമായി വിതരണം ചെയ്തത്. തലശേരി അതിരൂപതയിലെ 203 ഇടവകകളിൽനിന്നുമായി ഇടവകാംഗങ്ങളുടെ നിർലോഭമായ സഹകരണത്തിലൂടെയാണ് ഫണ്ട് സമാഹരിച്ചത്. ജാതി-മതഭേതമന്യേ അർഹരായ എല്ലാവർക്കും അവർക്കുണ്ടായ നഷ്ടങ്ങൾക്കനുസരിച്ച് തുക അവരുടെ അക്കൗണ്ടിലേക്ക് നൽകുകയാണ് അതിരൂപത ചെയ്തത്.
ചടങ്ങിൽ വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, എകെസിസി ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി അതിരൂപത പ്രസിഡന്റ് സണ്ണി തോമസ്, അതിരൂപത കുടുംബകൂട്ടായ്മ സെക്രട്ടറി സിബിക്കുട്ടി മ്ലാമലപതാലിൽ എന്നിവർ പ്രസംഗിച്ചു.
സർക്കാരിന് നിസംഗത
"" മലയോരത്തെ പ്രളയബാധിത പ്രദേശങ്ങളെ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നതിനാണ് സർക്കാരിന്റെ മുന്നിൽ സ്പെഷൽ പാക്കേജ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ഇതു സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവർ വാക്കാൽ കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ബന്ധപ്പെട്ടവരുടെ നിസംഗതയാണ് വ്യക്തമാക്കുന്നത്. ''
Tags : Special package NattuVishasham DistrictNews