തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ ജോസ്ഗിരിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു.
പാലാവയൽ/ ചെറുപുഴ/ ആലക്കോട് : ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം കനത്ത നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്ന മലയോര കുടിയേറ്റ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിന് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
കാലവർഷക്കെടുതികളുണ്ടായ ജോസ്ഗിരി, ഉദയഗിരി, താബോർ, അരിവിളഞ്ഞപൊയിൽ, താളിപ്പാറ, ഇരട്ടപ്പാലം, തയ്യേനി, പാലാവയൽ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ആർച്ച്ബിഷപ് ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ടുകണ്ടും കേട്ടും അറിഞ്ഞു. ഇവിടെ ഒരുപാട് മനുഷ്യർ പാടേ തകർന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ പ്രശ്നത്തിൽ വളരെ അടിയന്തരമായി ഇടപെടുകയും കാര്യങ്ങളിൽ താത്കാലികമായിട്ടെങ്കിലും ചില നീക്കുപോക്കുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
എന്നാൽ ഇവിടങ്ങളിലെ ജനങ്ങൾ കടന്നുപോകുന്ന ദുരിതത്തിന്റെ ആഴം ഇതുകൊണ്ട് തീരുന്നതല്ല. കൃഷിഭൂമികൾ നശിക്കുകയും വീടുകൾ തകരുകയും ഉപജീവനമാർഗങ്ങൾ ഇല്ലാതാകുകയും ചെയ്ത അവസ്ഥയിലാണ് പലരുമുള്ളത്. ഇവരുടെ പുനരധിവാസത്തിനു വേണ്ടി ഒരു പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിരൂപത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, എകെസിസി ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ, തോമാപുരം ഫൊറോന വികാരി ഫാ.ഡോ. മാണി മേൽവെട്ടം, ഇടവക വികാരിമാരായ ഫാ.ജോസ് മാണിക്കത്താഴെ, ഫാ. സേവ്യർ പുത്തൻപുര, ഫാ.തോമസ് മേനപ്പാട്ടു പടിക്കൽ, ഫാ.അമൽ തൈപ്പറമ്പിൽ, ഫാ. ജസ്റ്റിൻ മേപ്രത്ത്, ഫാ. ലിബിൻ എഴുപറയിൽ, എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, വൈസ് പ്രസിഡന്റ് ടോമി കണയങ്കൽ, സെക്രട്ടറിമാരായ ജയിസ് ഇമ്മാനുവൽ, ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, ആന്റോ തെരുവംകുന്നേൽ, സന്തോഷ് പരിയാനിക്കൽ എന്നിവരും മാർ പാംപ്ലാനിക്കൊപ്പം വിവിധയിടങ്ങൾ സന്ദർശിച്ചു.
Tags : Nattuvishesham Local News Special package Malayora region Mar Joseph Pamplani